സൗഹൃദം സൂക്ഷിക്കുന്നതിൽ വി.എസ് എന്നും മുന്നിൽ
1578023
Wednesday, July 23, 2025 12:05 AM IST
അമ്പലപ്പുഴ: പഴയ സുഹൃദ്ബന്ധം നിലനിര്‍ത്തുന്ന കാര്യത്തില്‍ വി. എസ്. അച്യുതാനന്ദന് എന്നും മുന്നിൽ. അദ്ദേഹം ആസ്പിന്‍വാള്‍ കയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട പത്ര ഏജന്റുകൂടിയായ എകെജി എന്നറിയപ്പെട്ടിരുന്ന അഞ്ചുതെങ്ങില്‍ കുഞ്ഞന്‍ ഗോപാലനുമായി ഏറെ സൗഹൃദം പങ്കിട്ടിരുന്നു.
ഡെറാസ് മില്ലിലെ ജോലിക്കാരന് കൂടിയായിരുന്നു എകെജി. രാവിലെ പത്രവിതരണവും കഴിഞ്ഞ് വണ്ടാനം തൈവളപ്പ് വീട്ടില്‍നിന്നും നടന്ന് പറവൂരില്‍ എത്തി വി.എസിനോടൊപ്പമാണ് ജോലിക്കു പോയിരുന്നത്. വര്‍ഷങ്ങളോളം ഈ സൗഹൃദം തുടര്‍ന്നിരുന്നു. ആ സ്നേഹബന്ധം എകെജിയുടെ മകന് ഉദയകുമാറുമായും തുടര്‍ന്നുപോന്നു. വിഎസിനെക്കുറിച്ച് അച്ഛന് ഒരുപാട് കാര്യങ്ങള്‍ പകര്‍ന്ന് നല്‍കിയിരുന്നെങ്കിലും നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ല.
1978ലാണ് വി.എസ് എന്ന സമരനായകനെ നേരിട്ടുകാണാനുള്ള ഭാഗ്യം ലഭിച്ചതെന്ന് ഉദയകുമാര്‍ പറഞ്ഞു. അടിയന്തരാവസസ്ഥക്കാലത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ വിഎസിന് പറവൂരില്‍ സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അന്നാണ് ഉദയകുമാര്‍ വി.എസിനെ ആദ്യമായി കാണുന്നതും വി.എസിന്റെ പ്രസംഗം കേള്‍ക്കുന്നതും.
അദ്ദേഹത്തിന്റെ പ്രസംഗം കേട്ടശേഷമാണ് അച്ഛന്റെ സൗഹൃദം വച്ച് പരിചയപ്പെടുന്നത്. പിന്നീട് 1991ല്‍ മാരാരിക്കുളത്തുനിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വി.എസിനോടൊപ്പം പ്രവര്‍ത്തിച്ചു. പിന്നീടുള്ള ഓരോ ചുവടുവെപ്പിലും തന്നെ അദ്ദേഹത്തോടൊപ്പം കൂട്ടി. പിന്നീട് മുഖ്യമന്ത്രി ആയപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലും ഉള്‍പ്പെടുത്തി. അതിനുശേഷം കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് വി.എസ് കണ്ടിരുന്നത്. വി.എസിന്റെ അഭിപ്രായത്തില്‍ ഉദയനും കുടുംബവും വണ്ടാനത്തുനിന്നും പറവൂരിലേക്ക് പിന്നീട് താമസം മാറി.