ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം
1578541
Thursday, July 24, 2025 11:20 PM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം. ഒന്നാം നിലയിലെ ബ്ലഡ് ബാങ്കിന് എതിർവശത്തെ മൈക്രോബയോളജി ലാബിലാണ് തീപിടിത്തമുണ്ടായത്. രാത്രി 9.30 ഓടെയായിരുന്നു സംഭവം. ലാബിനുള്ളിൽനിന്ന് വർധിച്ച തോതിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീപിടിത്തമാണന്ന് സ്ഥിരീകരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നായിരുന്നു പ്രാധമിക നിഗമനം.
തീപിടിത്തത്തെത്തുടർന്ന് ആശുപത്രിയിലെ മൈക്രോ ബയോളജി ലാബ് ഉൾപ്പെടെ സമീപത്തെ വിവിധ വിഭാഗങ്ങളിൽ വ്യാപകമായി പുക നിറഞ്ഞു. വിവരമറിയിച്ചതിനെ ത്തുടർന്ന് അഗ്നിരക്ഷാസേനയെത്തി പുക നീക്കം ചെയ്ത ശേഷമുള്ള പരിശോധനയിൽ ലാബിലുണ്ടായിരുന്ന ഫ്രിഡ്ജിന് തീപിടിച്ചതാണെന്ന് തിരിച്ചറിയുകയായിരുന്നു.
പിന്നീട് തീ കെടുത്തി ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിലായി. മറ്റുനാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റ മൂന്നു ജീവനക്കാർ ചികിത്സയിലാണ്.