തഴക്കര പഞ്ചായത്തിൽ സാംസ്കാരികകേന്ദ്രം നിർമിക്കുന്നു
1578782
Friday, July 25, 2025 11:40 PM IST
മാങ്കാംകുഴി: കലാ സാഹിത്യ രംഗങ്ങളില്‍ സമഗ്ര സംഭാവനകള്‍ നല്കി പ്രശസ്തരാവുകയും നാടിനെ അടയാളപ്പെടുത്തി മണ്മറഞ്ഞുപോയ ഓണാട്ടുകരയുടെ സാഹിത്യകാരന് പാറപ്പുറത്ത്, നാടന്‍പാട്ട് കലാകാരന് വെട്ടിയാര്‍ പ്രേംനാഥ്, കാഥികന് പി.കെ. വെട്ടിയാര്‍ എന്നീ മൂന്ന് മഹാരഥന്മാരുടെ സ്മരണയ്ക്കായി തഴക്കര പഞ്ചായത്തില്‍ സാംസ്കാരികകേന്ദ്രം നിര്‍മിക്കുന്നു. നിലവിലെ പഞ്ചായത്ത് ലൈബ്രറി ഹാളിന്റെ മുകളിലത്തെ നിലയിലാണ് സാംസ്കാരികകേന്ദ്രം നിര്‍മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.
പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് സാംസ്കാരികകേന്ദ്രം നിര്‍മിക്കുന്നത്. ഓണാട്ടുകരയുടെ സ്പന്ദനങ്ങള്‍ എഴുത്തിലൂടെ സന്നിവേശിപ്പിച്ച സാഹിത്യകാരന് പാറപ്പുറത്തിന്റെ പേരില്‍ ജന്മനാട്ടില് സ്മാരകം നിര്‍മിക്കണമെന്നുള്ളത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
പാറപ്പുറത്തിന്റെ പേരില്‍ ജനകീയമായി നിര്‍മിച്ച പഠനകേന്ദ്രവും വായനശാലയും കുന്നം ഗ്രാമത്തിലുണ്ട്. എന്നാല്‍, ഇതുവരെ സ്മാരകം നിര്‍മിച്ചിട്ടില്ല. കിഴക്കേ പൈനുംമൂട്ടില്‍ കുഞ്ഞുനൈനാൻ ഈശോയുടെയും ശോശാമ്മയുടെയും മകനായി 1924 നവംബര്‍ 14-ന് തഴക്കര പഞ്ചായത്തിലെ കുന്നം ഗ്രാമത്തിലാണ് കെ. ഈശോ മത്തായി എന്ന പാറപ്പുറത്തിന്റെ ജനനം.
തഴക്കര പഞ്ചായത്തിലെ വെട്ടിയാര്‍ ഗ്രാമത്തില്‍ ജനിച്ചവരാണ് വെട്ടിയാര്‍ പ്രേംനാഥും പി.കെ. വെട്ടിയാറും. നാടന്‍ കലാകാരനും ഗവേഷകനുമായി പ്രശസ്തനായ വെട്ടിയാര്‍ പ്രേംനാഥ് മധ്യകേരളത്തിലെ കീഴാള സമൂഹത്തിനിടയിലെ പാട്ടുകളും പുരാവൃത്തങ്ങളും സമാഹരിക്കുക എന്ന ക്ലേശകരമായ പ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഗവേഷകനായിരുന്നു. ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം ഗ്രന്ഥശാല വെട്ടിയാറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
1923 ലാണ് കാഥികന് പി.കെ. വെട്ടിയാര്‍ ജനിച്ചത്. വെട്ടിയാര്‍ പഴയകോയിക്കല് നാരായണപിള്ള എന്നാണ് പൂര്‍ണനാമം. നാടകാഭിനയവുമായാണ് കലാരംഗത്തേക്കുള്ള പ്രവേശനം. സാമ്പത്തിക പരാജയം കാരണം നാടകരംഗത്തോട് വിടപറഞ്ഞു. കഥാപ്രസംഗം തുടങ്ങി. കഥാപ്രസംഗ കലയില്‍ ജനസഹസ്രങ്ങളെ ഇളക്കിമറിച്ച കാഥികനായി പി.കെ. വെട്ടിയാര്‍ മാറി.