അല്‍ഫോന്‍സാമ്മയുടെ മുറിയില്‍ പ്രാര്‍ഥിക്കാന്‍ വിശ്വാസികളുടെ തിരക്ക്
1578329
Wednesday, July 23, 2025 11:21 PM IST
ഭരണങ്ങാനം: ഭാരതസഭയുടെ അനുഗ്രഹമായ വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യം തേടി വിശ്വാസികള്‍ ഭരണങ്ങാനത്തേക്ക് ഒഴുകുന്നു. അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലെത്തി പ്രാർഥിക്കാനും തങ്ങളുടെ യാചനകളും അർഥനകളും അൽഫോൻസാമ്മ വഴി ദൈവത്തിലേക്ക് അർപ്പിക്കാനുമായി നാടിന്റെ നാനാഭാഗത്തു നിന്നും തീർഥാടകപ്രവാഹമാണ്. അൽഫോൻസാമ്മ ജീവിച്ച് മരിച്ച മഠവും സന്ദർശിച്ചാണ് ആളുകൾ മടങ്ങുന്നത്.
അല്‍ഫോന്‍സാമ്മയുടെ മുറിയില്‍, കട്ടിലിനരികേ ജീവിതദുഃഖങ്ങള്‍ പങ്കുവയ്ക്കുന്നു. നിയോഗങ്ങള്‍ എഴുതി സമര്‍പ്പിക്കുന്നു. നിറമിഴികളോടെ വരുന്നവര്‍ നിറമനസോടെയാണ് തിരികെ പോകുന്നത്.
വിശുദ്ധയുടെ ജീവിതം കണ്ടു മനസിലാക്കാന്‍, അല്‍ഫോന്‍സാമ്മ ഉപയോഗിച്ച മേശ, കസേര, കുട, ചെരുപ്പ്, പേന തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയ മ്യൂസിയം ഏറ്റവും മികച്ച രീതിയില്‍ ക്രമപ്പെടുത്തിയിരിക്കുന്നു.
ക്ലാരമഠത്തില്‍ 1936 മുതല്‍ 1946 വരെ ജീവിച്ച അല്‍ഫോന്‍സാമ്മ ദൈവകരങ്ങളിലേക്ക് തന്റെ ആത്മാവിനെ സമര്‍പ്പിച്ചിട്ട് ഇത് എഴുപത്തിയൊമ്പതാമത്തെ വര്‍ഷം. വിശുദ്ധയെന്ന് ബനഡിക്ട് പതിനാറാമന്‍ പാപ്പ പ്രഖ്യാപിച്ചിട്ട് 17 വര്‍ഷം. ഇന്നും അല്‍ഫോന്‍സാ എന്ന നാമം ലോകമെമ്പാടും മാറ്റൊലികൊള്ളുന്നു.
അല്‍ഫോന്‍സാമ്മ പ്രാര്‍ഥിച്ചിരുന്ന മഠം കപ്പേളയില്‍ പ്രാര്ഥിക്കുവാനുള്ള അവസരവും തീര്‍ഥാടകര്‍ക്ക് നല്‍കുന്നുണ്ട്. കൂടാതെ, അവരുടെ നിയോഗങ്ങള്‍ സമര്‍പ്പിച്ച് സിസ്റ്റർമാരും പ്രാര്‍ഥിക്കുന്നു. നിരവധി അത്ഭുത സാക്ഷ്യങ്ങളുമായിട്ടാണ് തീർഥാടകരുടെ മടക്കം.