സമ്മർദങ്ങളിൽ കീഴടങ്ങാത്ത വി.എസിന്റെ സമര ഓർമകളുമായി ഓണാട്ടുകര
1578309
Wednesday, July 23, 2025 11:20 PM IST
കായംകുളം: കെട്ടിയടച്ച പൊതുവഴിക്കു മുന്നിൽ നിസഹായരായവർക്ക് ആശ്വാസം പകരാൻ ഓടിയെത്തിയ വി.എസ്. അച്ചുതാനന്ദന്റെ ഓർമകൾ ഇന്നും ഓണാട്ടുകരക്കാർക്ക് ആവേശം. കറ്റാനം കട്ടച്ചിറയിലെ എൻജിനിയറിംഗ് കോളജിന്റെ മറവിലെ കൈയേറ്റത്തിന് എതിരെയാണ് ഉറച്ച നിലപാടുമായി പ്രതിപക്ഷ നേതാവായ വി.എസ് അന്ന് എത്തിയത്.
എസ്എൻഡിപിയുടെ പിൻബലമായിരുന്നു കോളജിന്റെ കരുത്ത്. ഒരു പതിറ്റാണ്ട് മുമ്പായിരുന്നു സംഭവം. വഴിക്കായി സിപിഎമ്മും കോളജിനായി എസ്എൻഡിപിയും ഇരുഭാഗത്തായി നിലയുറപ്പിച്ചതോടെ വിഷയം ചൂടുപിടിച്ചു. കോളജിനോട് ചേർന്ന് തെക്കുവശത്തുണ്ടായിരുന്ന പൊതുവഴിയാണ് കെട്ടിയടച്ചത്. കട്ടച്ചിറ പാടശേഖരത്തിന്റെ കിഴക്കേ അതിരിലെ താമസക്കാർക്ക് റോഡിലേക്ക് വേഗത്തിൽ എത്താനുള്ള മാർഗമാണ് ഇതിലൂടെ ഇല്ലാതായത്.
അന്നത്തെ യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടാണ് ഇതിനു കാരണമെന്നായിരുന്നു സിപിഎം ആക്ഷേപം. തുടർന്ന് റവന്യു രേഖകൾ ഉയർത്തി വില്ലേജ് -താലൂക്ക് ഓഫീസുകൾ ഉപരോധിച്ചും കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയും സമരം ശക്തമായി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ കട്ടച്ചിറയിലെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചതോടെ സമരക്കാർ ആവേശത്തിലായി.
പൊതുവഴി തുറക്കുന്നതുവരെ സമരരംഗത്ത് ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമുദായ സമ്മർദങ്ങളിൽ പാവപ്പെട്ടവന്റെ അവകാശം നിഷേധിക്കപ്പെടരുതെന്നായിരുന്നു നിലപാട്. അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനും കട്ടച്ചിറയിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറിയ വി.എസിന് വിഷയത്തിൽ കൂടുതൽ ഇടപെടനായില്ല. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോഴും പ്രദേശവാസികൾ വഴിയിൽ പ്രതീക്ഷ പുലർത്തിയിരുന്നു.
പിന്നീട് വഴി കെട്ടിടയടക്കാൻ നിന്നവർ കോളജ് ഭരണസമിതിയിൽനിന്ന് ഓരോരുത്തരായി ഒഴിവാക്കപ്പെട്ടു. എസ്എൻഡിപി പിൻബലക്കാരിൽനിന്നു കോളജ് ഗോകുലം ഗ്രൂപ്പിന്റേതായി മാറി. വഴി പിന്നീട് തുറക്കാനുമായില്ല.