കിഴക്കൻ വെള്ളത്തിന്റെ വരവ്; വീയപുരത്ത് വെള്ളപ്പൊക്കം
1578540
Thursday, July 24, 2025 11:20 PM IST
ഹരിപ്പാട്: കിഴക്കന്‍ വെള്ളത്തിന്റെ വരവും ശക്തമായ മഴയും കാരണം വീയപുരത്ത് വെള്ളപ്പൊക്കം. തൊട്ടടുത്തമാസങ്ങളിലായി നാലാമത്തെ വെള്ളപ്പൊക്കമാണ് ജനം നേരിടുന്നത്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ആറിന്റെ തീരങ്ങളിലുള്ളവരുടെ വീടുകള്‍ മിക്കതും വെള്ളത്തിലായി.
അതുപോലെ പെയ്ത്തുവെള്ളം ഒഴുകിപ്പോകാത്ത ഇടങ്ങളില്‍ വെള്ളകെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഒരാഴ്ചകൂടി മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ് ജനങ്ങളില്‍ ഭീതിപരത്തിയിട്ടുണ്ട്. തുടരെയുണ്ടായ മൂന്നുദിവസത്തെ അവധി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ദുരിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല.
മേല്പാടം, തുരുത്തേല്‍, പാറേച്ചിറ, മങ്കോട്ട കണ്ണന്മാലില്, വെങ്കിട്ടച്ചിറ, കണത്താരം, കല്ലേലിപത്ത് എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇക്കഴിഞ്ഞ വെള്ളപ്പൊക്കങ്ങളില്‍ നിരവധി വീടുകളുടെ മുകളില്‍ മരങ്ങള്‍ വീണ് നാശനഷ്ടമുണ്ടായി. സര്‍ക്കാര്‍ ധനസഹായം ഒന്നുംതന്നെ ലഭിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
മഴമൂലം ഈ മേഖലയിൽ വൈദ്യുതിയും ശുദ്ധജല വിതരണവും തടസപ്പെട്ടു. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ നൂറോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ക്ഷീരകര്‍ഷകര്‍ മാടുകളുമായി മറ്റൊരിടത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
മൃഗസംരക്ഷണവകുപ്പ് മൃഗാശുപത്രി മുഖേന ക്യാമ്പില്‍ കഴിഞ്ഞ ക്ഷീരകര്‍ഷകരുടെ മാടുകള്‍ക്ക് കാലിത്തീറ്റ സൗജന്യമായി കഴിഞ്ഞ വെള്ളപ്പൊക്കത്ത് കൊടുത്തത് ഏറെ വിവാദത്തിനു കാരണമായി.
മാടുകളെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാന്‍ കഴിയാത്തവര്‍ക്കു കൂടി കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്യണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. തുടർച്ചയായ മഴയ്ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാകുകയും ചെയ്തതോടെയാണ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സമീപ പഞ്ചായത്തുകളായ പള്ളിപ്പാട്, ചേപ്പാട്, ചെറുതന, കരുവാറ്റ, കുമാരപുരം എന്നിവിടങ്ങളിലും സ്ഥിതിവിഭിന്നമല്ല.