കണ്ണീർമഴയായി...V.S
1578305
Wednesday, July 23, 2025 11:20 PM IST
മഴയത്തും വരിതെറ്റാതെ പ്രിയ
സഖാവിനെ കാണാന്‍ ആരാധകര്‍
അമ്പലപ്പുഴ: മഴയത്തും വരിതെറ്റാതെ തങ്ങളുടെ പ്രിയ സഖാവിനെ കാണാന്‍ ആരാധകര്‍ കാത്തുനിന്നു. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം പകല്‍ 12.30 ഓടെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ എത്തിച്ചു. വീടിന്റെ മുമ്പിലും പരിസരങ്ങളിലും തങ്ങളുടെ പ്രിയനേതാവിനെ കണ്ട് അഭിവാദ്യം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് കാത്തുനിന്നത്. വാഹനത്തില്‍നിന്നും മൃതദേഹം പുറത്തെടുക്കാനായി അണികളെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെടേണ്ടിവന്നു.
രണ്ടു വരികളായാണ് അണികളെ കടത്തിവിട്ടത്. നിരയില്‍ കൊച്ചുകുട്ടികളും യുവാക്കളുമായിരുന്നു അധികവും ഉണ്ടായിരുന്നത്. ഇതിനിടെ പകല്‍ 2.30 ഓടെ പെയ്ത മഴയിലും പതറാതെ ആരാധകര്‍ നിരയില്‍ തന്നെനിന്നു. പലരും കുടചൂടിയും പത്രങ്ങളും പ്ലാസ്റ്റിക് ഷീറ്റ് നിവര്ത്തുപിടിച്ചും കണ്ണേ...കരളേ...വി.എസേ... എന്ന മുദ്രാവാക്യം വിളിച്ച് മഴ വകവയ്ക്കാതെ നടന്നുനീങ്ങി.
അണികളെ തടഞ്ഞ് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സൗകര്യം ഒരുക്കാമെന്ന നിര്‍ദേശം നല്കി അണികളെ സംയമനപ്പെടുത്തിയതോടെയാണ് മൂന്നുമണിയോടെ മൃതദേഹം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് കൊണ്ടുപോകാനായത്.
രാവിലെ 9.30 ഓടെയാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം അമ്പലപ്പുഴ മണ്ഡലത്തിലെ തോട്ടപ്പള്ളിയില്‍ പ്രവേശിക്കുന്നത്. തോട്ടപ്പള്ളിക്കു പുറമേ പുറക്കാട്, അമ്പലപ്പുഴ കച്ചേരിമുക്ക് വണ്ടാനം മെഡിക്കല്‍ കോളജ് ജംഗ്ഷന് എന്നിവിടങ്ങളിലും ആരാധകര്‍ തടിച്ചുകൂടിയിരുന്നു. തോട്ടപ്പള്ളിയില്‍നിന്നു മൃതദേഹം വീട്ടുവളപ്പില്‍ എത്തിക്കാന്‍ മൂന്നു മണിക്കൂറോളം വേണ്ടിവന്നു.