അന്ത്യവിശ്രമം പ്രത്യേകമൊരുക്കിയ സ്ഥലത്ത്
1578308
Wednesday, July 23, 2025 11:20 PM IST
ആലപ്പുഴ: കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി. തോമസും പി.ടി.പുന്നൂസും അന്ത്യവിശ്രമം കൊള്ളുന്നതിന് ചാരെ വി.എസിന് അന്ത്യവിശ്രമഭൂമി. പുന്നപ്ര സമരനായകന്റെ ജ്വലിക്കുന്ന സമരാവേശം അനേകർക്ക് പകർന്ന് ഇനി വലിയ ചുടുകാട്ടില്‍ പ്രത്യേകം സ്ഥലത്ത്. പുന്നപ്ര സമരനായകര്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് ശ്മശാനം വി.എസിന്റെ പേരിലാണെന്ന പ്രത്യേകതയുണ്ട്.
പ്രമുഖ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സംസ്കാരച്ചടങ്ങുകളാണ് ഇവിടെ നടക്കുക. സ്മാരകത്തില്‍ സംസ്കാരച്ചടങ്ങുകള്‍ക്കായി പ്രത്യേകം വേര്‍തിരിച്ച ഭൂമിയുണ്ട്. പുന്നപ്ര സമര നേതാവായിരുന്ന പി.കെ. ചന്ദ്രാനന്ദന്‍, കെ.ആര്. ഗൗരിയമ്മ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാല്‍, സമരനായകനും സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ വി.എസിനായി പ്രത്യേകം സ്ഥലം പാര്‍ട്ടി തയാറാക്കുകായിരുന്നു.
വലിയ ചുടുകാട്ടില്‍ പ്രവേശന ഗേറ്റിന്റെ ഇടതുഭാഗത്താണ് വിഎസിന്റെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ പ്രത്യേകം സ്മാരകം തയാറാക്കുന്നുണ്ടോ എന്നു തീരുമാനിച്ചിട്ടില്ല. വലിയ ചുടുകാട്ടില്‍ സംസ്കാരച്ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത് പ്രത്യേക പരിഗണനകളോടെ. സിപിഎം ഏരിയ സെന്ററിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ നടന്നത്. രാമച്ചവും വിറകും കൊതുമ്പും മാത്രമാണ് ചിതയ്ക്ക് ഉപയോഗിച്ചതെന്ന് സെന്റര്‍ അംഗം പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ചതിനുശേഷം വിഎസിന്റെ മകന് അരുണ്‍കുമാര്‍ ചിതയില്‍ തീ പടർത്തി. മറ്റു ചടങ്ങുകള്‍ ഇവിടെ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള പ്രമുഖ നേതാക്കള്‍ക്ക് നില്‍ക്കാനായി പ്രത്യേകം പന്തലും ഒരുക്കിയിരുന്നു.