അധികൃതരുടെ നിർദേശം കാറ്റിൽപ്പറത്തി ബസുകൾ നിർത്തുന്നത് നടുറോഡിൽ
1578551
Thursday, July 24, 2025 11:20 PM IST
ചാരുംമൂട്: മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകിയിട്ടും ചാരുംമൂട് ജംഗ്ഷനിൽ സ്വകാര്യബസുകൾ ഉൾപ്പെടെ നടുറോഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതു മൂലം ജംഗ്ഷനിൽ ഗതാഗതക്കുരുക്കും രൂക്ഷമാകുകയാണ്. ചാരുംമൂട് ജംഗ്ഷനിൽ ബസുകൾക്ക് നിർത്താൻ പ്രത്യേകം സ്റ്റോപ്പുകൾ അനുവദിച്ചു നൽകിയിട്ടും ബസുകൾ സ്റ്റോപ്പുകളിൽ നിർത്താതെ തോന്നുന്നിടത്ത് നിർത്തി യാത്രക്കാരെ കയറ്റുകയാണ്.
കായംകുളം-പുനലൂർ റോഡിൽ മിനിറ്റുകളുടെ വ്യാത്യാസത്തിലാണ് ബസുകൾ സർവീസ് നടത്തുനത്. കെ.പി. റോഡിലൂടെ സർവീസ് നടത്തുന്ന ബസുകൾ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ പോലും കഴിയാത്തതരത്തിൽ റോഡിൽ നിർത്തുന്നുവെന്നാണ് പരാതി.
പിന്നാലെ എത്തുന്ന വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകാൻ ഏറെ പ്രയാസപ്പെടുന്ന കാഴ്ചയാണ് നിത്യവും കാണാൻ കഴിയുന്നത്. കൊല്ലം-തേനി ദേശീയപാതയുടെയും കായംകുളം - പുനലൂർ കെപി റോഡിന്റെയും സംഗമ ജംഗ്ഷനായ ചാരുംമൂട് ജംഗ്ഷനിലെ നാല് ഭാഗത്തും ബസ് സ്റ്റോപ്പുകളും ബസ് കാത്തിരിപ്പ് കേന്ദ്രവും ഉണ്ടായിട്ടും ബസുകൾ നിർത്തുന്നത് റോഡിന്റെ മധ്യത്തിലാണ്.
എന്നാൽ, ചില സ്വകാര്യബസുകൾ നിയമം കൃത്യമായി പാലിക്കുന്നുണ്ട്. നിർദിഷ്ട ബസ് സ്റ്റോപ്പിൽ അല്ലാതെ തോന്നുംപടി നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്വകാര്യബസുകൾക്കെതിരേ രണ്ടുമാസം മുമ്പ് മോട്ടോർ വാഹനവകുപ്പ് കർശന നടപടി സ്വീകരിച്ചിരുന്നു.
മാവേലിക്കര ജോയിന്റ് ആർടിഒ എം.ജി. മനോജിന്റെ നിർദേശപ്രകാരം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ബസുകളുടെ അനധികൃത പാർക്കിംഗ് നിരീക്ഷിക്കാനായി മഫ്തിയിലാണ് പരിശോധന നടത്തിയത്. പരിശോധനയെത്തുടർന്ന് നിർദിഷ്ട ബസ് സ്റ്റോപ്പിൽ അല്ലാതെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത ബസുകൾക്കെതിരേ അന്ന് നടപടിയെടുത്തിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കാറ്റിൽപ്പറത്തി ബസുകൾ നിയമ ലംഘനം തുടരുകയാണ്.