പിഐപി കനാലിന് സമീപത്തെ വെള്ളക്കെട്ട്: 50 കുടുബങ്ങൾ ദുരിതത്തിൽ
1578788
Friday, July 25, 2025 11:40 PM IST
കായംകുളം: പമ്പ ഇറിഗേഷന്‍ പ്രോജക്ടായ പിഐപി കനാലിന് സമീപത്തെ വെള്ളക്കെട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്നു. കായംകുളം നഗരസഭ ആറാം വാര്‍ഡില്‍ പെരൂത്തറ വാഴപ്പള്ളി ഭാഗത്ത് കനാലിന്റെ ഇരുവശവുമുള്ള രൂക്ഷമായ വെള്ളക്കെട്ടാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഇതുമൂലം അമ്പതോളം വരുന്ന കുടുബങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
വെള്ളം ഒഴുകാത്ത പിഐപി കനാല്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി ഉപയോഗശൂന്യമായി നിലനില്‍ക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കനാല്‍, ഭൂനിരപ്പില്‍നിന്നു ഉയര്‍ന്ന് നില്ക്കുന്നതിനാല് മലിനജലം കെട്ടിക്കിടന്ന് ജലജന്യ രോഗങ്ങളും ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാവുകയാണ്. മലിനജലം ഒഴുകി പ്പോകാന്‍ സംവിധാനമില്ല.
ഉപയോഗശൂന്യമായ കനാല്‍ പൊളിച്ചുമാറ്റുകയോ പുനര്‍നിര്‍മിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുഖ്യമന്ത്രി, പൊതുമരാമത്ത്, ജലസേചന വകുപ്പ് മന്ത്രിമാര്‍ കായംകുളം നഗരസഭ, ജില്ലാ കളക്ടര്‍, മനുഷ്യാവകാശ സംഘടനകള്‍ എന്നിവര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലന്നും നാട്ടുകാര്‍ പറഞ്ഞു.