ജലനിരപ്പ് ഉയരുന്നു; 2 മാസത്തിനിടെ നാലാമത്തെ വെള്ളപ്പൊക്കം
1578784
Friday, July 25, 2025 11:40 PM IST
എടത്വ: മഴയ്ക്ക് ശമനമില്ല, ജലനിരപ്പ് നന്നേ ഉയരുന്നു. ആശങ്കയിലായി കുട്ടനാട്ടുകാര്‍. രണ്ടു മാസത്തിനിടയിലെ നാലാമത്തെ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. റോഡുകള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. തലവടിയില്‍ വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. കാലവര്‍ഷം തുടങ്ങിയ ശേഷമുള്ള മൂന്നു വെള്ളപ്പൊക്കവും കുട്ടനാട്ടുകാര്‍ അതിജീവിച്ചിരുന്നു. തുടര്‍ച്ചയായി ചെയ്യുന്ന മഴയും വെള്ളപ്പൊക്കവും വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്.
മഴയ്ക്കൊപ്പം വീശിയടിക്കുന്ന ശക്തമായ കാറ്റും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. താമസസ്ഥലത്തിന് സമീപത്ത് നില്ക്കുന്ന മരങ്ങളും പഴയ വീടുകളും നിലംപതിക്കുമോയെന്ന ആശങ്കയാണ് കുട്ടനാട്ടുകാര്‍ പങ്കുവയ്ക്കുന്നത്. കിഴക്കന്‍ വെള്ളത്തിന്റെ ശക്തി വര്‍ധിച്ചതോടെ പ്രധാന നദികളില്‍ വ്യാഴാഴ്ച മുതല്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇന്നലെ ഉച്ചയോടെ വെള്ളത്തിന്റെ വരവ് അല്പം നിലച്ചെങ്കിലും ഉച്ചയ്ക്കുശേഷമുള്ള കനത്ത മഴയില്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ തുടങ്ങി.
നീരേറ്റുപുറം-മുട്ടാര്‍ റോഡുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ബസ് സര്‍വീസ് ഇന്നലെ നിര്‍ത്തിവച്ചിരുന്നു. സര്‍വീസ് റോഡുകള്‍ മാത്രമല്ല ഇടറോഡുകളും പൊതുവഴികളും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. തലവടി പ്രദേശങ്ങളിലെ ചില വീടുകളില്‍ വെള്ളം കയറി. മിക്ക വീട്ടുമുറ്റവും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ചക്കുളത്തുകാവ് ക്ഷേത്രപരിസരവും വെള്ളത്തില്‍ മുങ്ങി.
മഴ നീണ്ടുനിന്നാല്‍ മുന്‍പുണ്ടായ മൂന്നു വെള്ളപ്പൊക്കത്തേക്കാള്‍ ശക്തമാകാനാണ് സാധ്യത. മുട്ടാര്‍, തലവടി, വീയപുരം, എടത്വ, തകഴി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. തോട്ടപ്പള്ളി പൊഴിവഴി കടലിലേയ്ക്ക് ജലം ഒഴുക്കിവിടുന്നുണ്ടെങ്കിലും മഴയുടെ ശക്തിമൂലം ജലനിരപ്പ് ഉയരുകയാണ്.
വെള്ളപ്പൊക്കം വിദ്യാര്‍ഥികളെ ഏറെ ബാധിക്കുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലെ നഴ്സറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ നീന്തിവേണം സ്കൂളുകളില്‍ എത്തിച്ചേരാന്‍. ഇക്കുറി നിരവധി അധ്യയന ദിനങ്ങളാണ് കുട്ടികള്‍ക്ക് നഷ്ടമായത്. ജലനിരപ്പ് അപകടനിലയില്‍ എത്തിയാല്‍ മാത്രമേ സ്കൂളുകള്‍ക്ക് അവധി നല്കാന് സാധ്യതയുള്ളൂ. വെള്ളം ഉയരുന്ന സാഹചര്യത്തില്‍ റവന്യു വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.