പായൽക്കുളങ്ങരയിലെ വെള്ളക്കെട്ടിനു പരിഹാരം
1578542
Thursday, July 24, 2025 11:20 PM IST
അമ്പലപ്പുഴ: അശാസ്ത്രീയമായ രീതിയിലുള്ള ദേശീയപാത നിർമാണം മൂലമുണ്ടായ വെള്ളക്കെട്ടിനു പരിഹാരം. പരിഹാരമുണ്ടായത് ദീപിക വാർത്തയെത്തുടർന്ന്. പായൽക്കുളങ്ങര ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള 40 ഓളം വീടുകളാണ് കനത്തമഴയിൽ മുങ്ങിയിരുന്നത്.
പ്രളയകാലത്തുപോലും ഒരുതുള്ളി വെള്ളം കയറാതിരുന്ന ഈ പ്രദേശം അധികൃതരുടെ അനാസ്ഥയെത്തുടർന്നാണ് കടലിന് സമാനമായത്.
പായൽക്കുളങ്ങര ജംഗ്ഷനിലെ ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത മൂലമാണ് ഈ കുടുംബങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാതെ വന്നിരുന്നത്. നേരത്തേ മഴവെള്ളം റോഡിന് കുറുകെയുള്ള ചാലിലൂടെ കിഴക്കു ഭാഗത്തുള്ള വെള്ളാഞ്ഞിലിത്തോട്ടിലേക്ക് ഒഴുകുമായിരുന്നു. ഇപ്പോൾ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഇത് അടഞ്ഞതോടെ മഴവെള്ളം കുത്തനെ റോഡിന് പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുകയായിരുന്നു.
ഇതോടെ കഴിഞ്ഞ ഏതാനും ദിവസമായി തോരാതെ പെയ്ത മഴയിൽ പ്രദേശമാകെ പ്രളയത്തിന് തുല്യമായി. പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ ദുരിതമനുഭവിക്കുകയായിരുന്നു കുടുംബങ്ങൾ. ഇത് ദീപിക റിപ്പോർട്ട് ചെയ്തതോടെയാണ് അധികൃതർ ജെസിബി ഉപയോഗിച്ച് വെള്ളക്കെട്ട് നീക്കം ചെയ്തത്.