റോഡ് തോട്; കണ്ണടച്ച് അധികൃതർ
1578330
Wednesday, July 23, 2025 11:21 PM IST
തുറവൂർ: പ്രധാന റോഡ് കുഴികൾ നിറഞ്ഞ് തോടായിട്ടും നടപടിയെടുക്കാതെ അധികൃതർ. കുഴികളും വെള്ളക്കെട്ടും നിറഞ്ഞ തുറവൂർ -കുമ്പളങ്ങി റോഡിൽ യാത്രക്കാരുടെ നടുവൊടിയുമ്പോഴും പരിഹാരത്തിന് നടപടിയില്ല. നിരവധി കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് കുഴികളടച്ച് പൂർണമായി റോഡ് ടാറിംഗ് നടത്തുകയാണ് ഏകപരിഹാരം. എ.എം. ആരിഫ് എംഎൽഎ ആയിരിക്കെ 9 വർഷം മുമ്പാണ് അവസാനമായി റോഡ് ടാർ ചെയ്തത്. തുടർന്ന് കുറച്ചുകാലങ്ങൾക്കു ശേഷം തകർന്നു തുടങ്ങിയ റോഡിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.
ചിലയിടങ്ങളിൽ റോഡിന്റെ ഭാഗം ഇടിഞ്ഞുതാഴുന്നുണ്ട്. വെള്ളക്കെട്ടും വ്യാപകം. കുഴികളിൽ വീഴാതിരിക്കാൻ വെട്ടിച്ചുമാറ്റുമ്പോൾ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായി. മഴക്കാലത്ത് കുഴികളിലാകെ വെള്ളം കെട്ടിനിൽക്കുകയാണ്. കഴിഞ്ഞദിവസം വൈകിട്ട് എഴുപുന്ന പി.എസ്. കവലയ്ക്ക് സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്കു പരിക്കേറ്റതാണ് അവസാന സംഭവം. റോഡിൽ തെറിച്ചുവീണ ഇവർ പിന്നാലെയെത്തിയ കാറിനടിയിൽപ്പെടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
എലിവേറ്റഡ് ഹൈവേ നിർമാണം നടക്കുന്ന തുറവൂർ -അരൂർ മേഖലയിൽ ദേശീയപാതയുടെ സമാന്തര റോഡുകളായ തുറവൂർ -കുമ്പളങ്ങി റോഡ്, തുറവൂർ-മാക്കേക്കടവ് റോഡ് എന്നിവയുടെ നവീകരണത്തിനായി കഴിഞ്ഞ മാർച്ചിൽ 8.5 കോടി രൂപ ദേശീയപാത അഥോറിട്ടി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടിയിരുന്നെങ്കിലും നടപടികൾ ഒച്ചിഴയും വേഗത്തിലാണെന്ന് മാത്രം.
ദേശീയപാതയിൽ തുറവൂർ -അരൂർ എലിവേറ്റഡ് ഹൈവേ നിർമാണത്തെ തുടർന്ന് ഗതാഗതക്കുരുക്കിൽപ്പെടുന്ന വാഹനങ്ങൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ സ്കൂൾ ബസ് അടക്കമുള്ള വാഹനങ്ങൾ നിരങ്ങിയാണ് ഇതുവഴി കടന്നുപോകുന്നത്. ദേശതോടിന് കിഴക്കുഭാഗത്തെ വളവിൽ മാടംഭാഗത്ത് ഒരു മഴപെയ്താൽ കുഴികളിൽ വെള്ളക്കെട്ടാകുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.
റോഡിൽ കാനയില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. റോഡ് തകർന്നതോടെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ദിനംപ്രതി വർധിച്ചു. പൂർണമായി തകർന്ന റോഡിൽ കാൽനടയാത്ര പോലും അസാധ്യമാണ്. യാത്രക്കാർ വളരെയധികം ക്ലേശിച്ചാണ് ഇതുവഴി കടന്നുപോകുന്നത്. വർഷങ്ങളായി കുഴിയടയ്ക്കൽ നാടകം മാത്രമാണ് നടക്കുന്നത്. തകർച്ചയിലായ റോഡിലുണ്ടായിരുന്ന കുഴികൾ കാലവർഷം ആരംഭിച്ചതോടെ ഇരട്ടിയിലധികമായി.