കഞ്ചാവുവേട്ട: ഇതര സംസ്ഥാനക്കാർ പിടിയിൽ
1578325
Wednesday, July 23, 2025 11:21 PM IST
അമ്പലപ്പുഴ: ആറു കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിൽ. ജാർഖണ്ഡ് ദൻബാദ് ബാങ്ക് കോളനി റോഡിൽ മുർഷിദ് (35), ബിഹാർ പ്രയയുഷ്ഗിയപരിയ മറപ്പുരിൽ രാജീവ്കുമാർ (36) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പോലീസും ചേർന്ന് കഞ്ചാവുമായി പിടികുടിയത്. ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി. ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, പ്രധാനപ്പെട്ട പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടിക്കുടാനായത്.
വിൽപ്പനയ്ക്കായി ലഹരിവസ്തുക്കൾ ട്രെയിൻ വഴി കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ആലപ്പുഴ ബീച്ച് പത്താം പിയുസ് പള്ളിക്കു സമീപം ബീച്ച് റോഡിൽ കഞ്ചാവ് കൈമാറ്റം ചെയ്യാൻ എത്തിയ പ്രതികൾ പിടിയിലായത്. റെയിൽവേ താത്കാലിക ജീവനക്കാരാണ് പിടിയിലായ പ്രതികൾ.
ഒരോ പ്രാവശ്യവും വൻതോതിൽ കഞ്ചാവാണ് ഇവർ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവന്ന് കൈമാറ്റം ചെയ്തുപോന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് ദൻബാദ് ട്രെയിനിലെ ജീവനക്കാരെ നിരീക്ഷിച്ചു വരികയായിരുന്നു. ട്രെയിനിൽ എത്തിക്കുന്ന കഞ്ചാവ് താൽകാലിക ജീവനക്കാരായ ഇവർ വെയ്സ്റ്റ് കളയാൻ എന്ന വ്യാജേന ട്രെയിൽവേ സ്റ്റേഷനു പുറത്ത് എത്തിച്ച് ആവശ്യക്കാർക്ക് കൈമാറുകയാണ് ചെയ്തുവന്നത്. നാലു മാസം മുൻപ് 10 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് നിരന്തരം റെയിൽവേ സ്റ്റേഷനും പരിസരവും നിരീക്ഷിച്ചുവരികയായിരുന്നു.
ഇവർ കഞ്ചാവ് കൈമാറാൻ കൊണ്ടുവന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ അവരെ പിടികൂടാൻ ആകുമെന്ന് പോലീസ് അറിയിച്ചു. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ എസ്ഐ ഉണ്ണികൃഷ്ണൻ നായർ, എഎസ്ഐ വിജു, പ്രൊബേഷൻ എസ്ഐ കണ്ണൻ എസ്. നായർ, സിപിഒമാരായ സജീഷ്, മാർട്ടിൻ, ശ്ര്യം എന്നിവരാണ് പ്രതികളെ പിടികുടിയത്.