വാടകവീട്ടിൽനിന്ന് വയോധിക ദമ്പതികളെ മർദിച്ച് ഇറക്കിവിട്ടെന്ന്
1578324
Wednesday, July 23, 2025 11:21 PM IST
തുറവൂർ: അഞ്ചുമാസത്തെ വീട്ടുവാടക കൊടുക്കാത്തതിനാൽ വയോധിക ദമ്പതികളേയും അവിവാഹിതരായ പെൺമക്കളെയും ഉടമ മർദിച്ച് ഇറക്കിവിട്ടതായി പരാതി. കോടംതുരുത്ത് പഞ്ചായത്ത് ഏഴാം വാർഡിൽ ശ്യാം നിവാസിൽ മനോജിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തോട്ടത്തിൽ നികർത്ത് വാസു (78), ഭാര്യ ജാനകി (61), മക്കളായ ശാലിനി (45), രേഖ (40) എന്നിവരെയാണ് വീട്ടുടമസ്ഥൻ മനോജും ഇയാളുടെ മകനും ചേർന്നു മർദിച്ചതെന്നു ഇവർ കുത്തിയതോട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണ് സംഭവമുണ്ടായതെന്ന് ഇവർ പറഞ്ഞു. മനോജും മകനുമായെത്തി ഇവരെ ബലം പ്രയോഗിച്ച് വീട്ടിൽനിന്നു ഇറക്കിവിടാൻ ശ്രമിച്ചു. ഹൃദ്രോഗിയായ വാസുവിനെയും ഇയാളുടെ ഭാര്യ ജാനകിയെയും രണ്ടു പെൺ മക്കളെയും മർദിക്കുകയും വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്ത് വാതിൽ അടച്ചുപൂട്ടി.
വീട്ടിലെ വൈദ്യതി ബന്ധം വിചേദിച്ചു മടങ്ങിപ്പോയി. പിന്നീട് കുറേ കഴിഞ്ഞ് വീണ്ടുമെത്തിയ ഇവർ വാടകക്കാർ ഒഴിഞ്ഞുപോകില്ലെന്നു കണ്ട് രോഷാകുലരായി വീണ്ടും മർദിച്ചു. ഇവർ ഉച്ചത്തിൽ കരഞ്ഞ് നാട്ടുകാരെ അറിയിച്ചു.
വിവരമറിഞ്ഞെത്തിയ കുത്തിയതോട് പോലീസ് കാര്യങ്ങൾ ബോധ്യപ്പെട്ടെങ്കിലും നിങ്ങൾ തത്കാലം രാത്രി ഇവിടെ തന്നെ കഴിച്ചുകൂട്ടാനാണ് ഇവരോട് പറഞ്ഞത്. പ്രമേഹ രോഗം മൂലം വലതു കാലിന്റെ വിരലുകൾ മുറിച്ചുമാറ്റപ്പെട്ട ജാനകി നീരുവന്നു പഴുത്ത ഇടതു കാലുമായാണ് ജീവിക്കുന്നത്. ഹൃദ്രോഗിയും വാഹനാപകടത്തെ തുടർന്ന് ഒരു കാലിന് സ്വാധീനമില്ലാത്ത അവസ്ഥയാണ് വാസുവിന്റേത്.
ഒടുവിൽ രാത്രി രണ്ടു മണിയോടെ ശാലിനിയും രേഖയും ഉമാ തോമസ് എംഎൽഎയെ തങ്ങളുടെ ദുർസ്ഥിതി ഫോണിൽ വിളിച്ചറിയിച്ചു. വിവരം ചോദിച്ചറിഞ്ഞ ഇവർ ദലീമ എംഎൽഎയെ ഈ വിവരം ബോധ്യപ്പെടുത്തി. വിവരമറിഞ്ഞ ദലീമ എംഎൽഎ വാസുവിന്റെ മക്കളുമായി ഫോണിൽ സംസാരിച്ചു. തുടർന്ന് രാത്രി രണ്ടോടെ ദലീമ ജോജോ ഇവരെ ഓട്ടോ റിക്ഷയിൽ വീട്ടിലേക്ക് കൊണ്ടുവന്നു. വിവരങ്ങൾ നേരിട്ടു മനസിലാക്കിയ ശേഷം ഇവർക്ക് ഭക്ഷണവും കിടന്നുറങ്ങാനുള്ള സൗകര്യവും തന്റെ വീട്ടിൽതന്നെ ചെയ്തു കൊടുത്തു.
തുടർന്ന് ഇവർക്ക് താത്കാലിക താമസസൗകര്യവും പരിരക്ഷയും ഉറപ്പുവരുത്താൻ ശ്രമിക്കുകയാണ്. ഇതേത്തുടർന്ന് സാമൂഹ്യ പ്രവർത്തകനായ തെരുവോരം മുരുകനെ വിളിച്ചുവരുത്തി കുത്തിയതോട് പോലീസിന്റെ സഹകരണത്തോടെ കുടുംബത്തിന്റെ പരിരക്ഷയ്ക്കുവേണ്ട നടപടിൾ സ്വീകരിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിനിന്ന് ഇവർക്ക് വീട് അനുവദിച്ചിട്ടുണ്ട്. എന്നാൽ, രോഗദുരിതം പേറുന്ന മാതാപിതാക്കളുടെ ചികിത്സയും വീട്ടുവാടകയും ഇവരെ സങ്കടകടലിലാഴ്ത്തുകയാണ്.