വി.എസിന്റെ ഓർമകളിൽ കെ. നാരായണൻ
1578307
Wednesday, July 23, 2025 11:20 PM IST
കായംകുളം: അവിഭക്ത കമ്യുണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലയിലെ ആദ്യത്തെ ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ഒരാളായി വി.എസിനൊപ്പം പ്രവർത്തിച്ച ഓർമകളിൽ കഴിയുകയാണ് കെ. നാരായണൻ (96). അന്നത്തെ ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിൽ കായംകുളത്തുനിന്നു ജീവിച്ചിരിക്കുന്നവരിൽ കെ. നാരായണൻ മാത്രമാണുള്ളത്. 1957 ഓഗസ്റ്റ് 17ന് ആലപ്പുഴ ജില്ല നിലവിൽ വന്നെങ്കിലും പാർട്ടിയുടെ ജില്ലാ കമ്മിറ്റി 1956ൽ തന്നെ രൂപീകരിച്ചിരുന്നു. അതിനുവേണ്ടി പ്രത്യേക ജില്ലാ സമ്മേളനം നടത്തിയത് കായംകുളത്തായിരുന്നു.
21 പേരുള്ള ജില്ലാ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. ടി.വി. തോമസ്, വി.എസ്. അച്യുതാനന്ദൻ, എം.ടി. ചന്ദ്രസേനൻ, കെ. കെ. കുഞ്ഞൻ, പി.ജി. പത്മനാഭൻ, ടി.കെ. വർഗീസ് വൈദ്യൻ, എസ്.കെ. ദാസ്, കെ.ആർ. ഗൗരിയമ്മ, സി.ജി. സദാശിവൻ, സി.എസ്. രാമകൃഷ്ണൻ, സി.കെ. കുമാരൻ വക്കീൽ, സി.കെ. ഭാസ്കരൻ, കെ. ദാസ്, പി.കെ. ചന്ദ്രാനന്ദൻ, ആർ. രാജശേഖരൻ തമ്പി, എസ്. ഗോവിന്ദകുറുപ്പ്, പി.ആർ. ജനാർദനൻ, പുതുപ്പള്ളി രാഘവൻ, എൻ. ശ്രീധരൻ, കെ. നാരായണൻ എന്നിവരാണ് അന്ന് ജില്ലാ കമ്മിറ്റിയിൽ തെരഞ്ഞെടുക്കപ്പെട്ടത്.
അന്ന് കെ. നാരായണന് 22 വയസായിരുന്നു. ആദ്യ ജില്ലാ കമ്മിറ്റിയിൽ വി.എസ്. സെക്രട്ടറിയും എൻ.എസ് അസി. സെക്രട്ടറിയും ഓഫീസ് സെക്രട്ടറി പള്ളിക്കൽ കെ. കുഞ്ഞുപിള്ളയുമായിരുന്നു. ഈ ജില്ലാ കമ്മിറ്റി പ്രവർത്തിക്കുന്ന അവസരത്തിലാണ് കേരളനിയമസഭയിലേക്കുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പു നടന്നത്. ജില്ലയിൽ 14ൽ 10 സീറ്റ് പാർട്ടി നേടി.
ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു. ആദ്യ നിയമസഭാ സ്പീക്കറായി ചെങ്ങന്നൂർ സ്വദേശി കെ. ശങ്കരനാരായണൻ തമ്പി, ഡെപ്യുട്ടി സ്പീക്കറായി കായംകുളം സ്വദേശിനി അഡ്വ. കെ.ഒ. ഐഷാബായിയും കൂടാതെ മൂന്നു മന്ത്രിമാരെയും ആലപ്പുഴ ജില്ല നൽകി.