വേലിക്കകത്ത് വീടും പരിസരവും ശോകമൂകം
1578543
Thursday, July 24, 2025 11:20 PM IST
അന്പലപ്പുഴ: പുന്നപ്ര വയലാറിന്റെ വിപ്ലവ സൂര്യൻ വി.എസ്. അച്യുതാനന്ദൻ വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം കൊള്ളുമ്പോൾ കുടുബവീടായ പറവൂർ വേലിക്കകത്ത് വീടും പരിസരവും ശോകമൂകം. അഴിമതിക്കെത്തിരേ എന്നും ഉറച്ച നിലപാട് എടുത്തതിനന്റെ പേരിൽ ഒരു വിഭാഗത്തിന്റെ ശത്രുവായി വി.എസ് മാറിയെങ്കിലും അദ്ദേഹത്തിന് എന്തുമാത്രം ജനപിന്തുണയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പുന്നപ്ര പറവൂരിലെ കുടുബവീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ കണ്ടകാഴ്ച.
മലവെള്ളപ്പാച്ചിൽ പോലെ ഒഴുകിയെത്തിയ ജനക്കൂട്ടം മഹാസമുദ്രമായി. ധാർഷ്ട്യവും ധിക്കാരവുമില്ലാത്ത തങ്ങളുടെ നേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ കേരളത്തിന്റെ നാനാഭാഗത്തുനിന്നു ഏറെ ത്യാഗം സഹിച്ചു എത്തിയിട്ടും തിരക്കുകാരണം വിങ്ങലോടെ മടങ്ങേണ്ടി വന്നവരുടെ കാഴ്ചയും വേലിക്കകത്തെ വീടിനു മുന്നിലെ നൊമ്പരക്കാഴ്ചയായിരുന്നു.
മനുഷ്യനും മണ്ണിനും പ്രകൃതിക്കും നീതിക്കുമായി എന്നും നിലകൊണ്ടതായിരുന്നു അദ്ദേഹത്തെ വേറിട്ട മനുഷ്യനാക്കിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ ആയിരുന്ന സമയത്ത് പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിനും തിരുവോണ സദ്യ ഉണ്ണുന്നതിനും കൃത്യമായി അദ്ദേഹം പറവൂരിലെ കുടുബവീട്ടിൽ എത്തുമായിരുന്നു.
വി.എസ് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ വസുമതിയും മകൻ ഡോ. അരുൺകുമാറും മകൾ ആശയും അടങ്ങുന്ന കുടുംബം മരിക്കാത്ത ഓർമകളുമായി വീട്ടിൽ തന്നെയുണ്ട്. വിഎസിന്റെ ഭൗതീകശരീരം അടക്കം ചെയ്ത വലിയ ചുടുകാട് പുന്നപ്ര വയലാർ സ്മാരകത്തിൽ ഇന്നലെ വൈകിട്ടും നിരവധിപ്പേർ പുഷ്പാർച്ചന നടത്തി.