സമഗ്ര പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ഉദ്ഘാടനത്തിനൊരുങ്ങി
1578791
Friday, July 25, 2025 11:40 PM IST
ആലപ്പുഴ: ഭാവിയില്‍ നിങ്ങളുടെ ചികിത്സ എങ്ങനെയായിരിക്കണം, മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യണോ, സംസ്കാരച്ചടങ്ങുകള്‍ എങ്ങനെ വേണം... ഇത്തരം കാര്യങ്ങളില്‍ അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ളയാളാണോ നിങ്ങള്‍. എങ്കില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആരംഭിക്കാന്‍ പോകുന്ന സമഗ്ര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലെ ലിവിംഗ് വില്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്ക്കിന് നിങ്ങളെ സഹായിക്കാനാകും.
ആലപ്പുഴ ഗവ. ടിഡി മെഡിക്കല്‍ കോളേജില്‍ അനസ്തേഷ്യ വിഭാഗത്തിനു കീഴില്‍ ഒരുങ്ങിയ സമഗ്ര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കും ലിവിംഗ് വിൽ ഡെസ്കും ഉദ്ഘാടനത്തിന് സജ്ജമായി. പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ള രോഗികള്‍ക്കായി എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ ഇവിടെ ഒപി സേവനം ലഭ്യമാകും.
10 ബെഡുകള്‍ ഉള്‍പ്പെടുത്തി സജ്ജീകരിച്ച വാര്‍ഡില്‍ മറ്റു വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സേവനങ്ങളും ഉറപ്പാക്കുന്നുണ്ട്. ഫാര്‍മസി, ലിവിംഗ് വില്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്ക്, സ്റ്റോര്‍ എന്നീ സൗകര്യങ്ങളും ഇതിന്റെ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്.
പുതുതായി ആരംഭിക്കുന്ന സമഗ്ര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് കീഴിലാണു ലിവിംഗ് വില്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്ക്കിന്റെ സേവനവും ലഭ്യമാകുന്നത്. ലിവിംഗ് വില്‍ പൂരിപ്പിക്കുന്നതിനുള്ള ഫോമും നിര്‍ദേശങ്ങളും ഇവിടെനിന്നു ലഭിക്കും.
തിങ്കള്‍ മുതല്‍ വെള്ളി വരെയായിരിക്കും ഡെസ്ക് പ്രവര്‍ത്തനം. ഒരു വ്യക്തിയുടെ ജീവിതാവസാന സമയത്തോ രോഗാവസ്ഥയിലോ ചികിത്സാ തീരുമാനങ്ങള്‍ എടുക്കാനാകാത്ത ഘട്ടത്തില്‍ ലഭിക്കേണ്ട ചികിത്സ സംബന്ധിച്ച ആഗ്രഹങ്ങള്‍ മുന്‍കൂട്ടി രേഖപ്പെടുത്തി വെക്കുന്നതാണ് ലിവിംഗ് വില്‍. ജീവിതാവസാന സാഹചര്യങ്ങളിലെ ചികിത്സാരീതികളെക്കുറിച്ചുള്ള വ്യക്തിയുടെ നിര്‍ദേശങ്ങളാണ് രേഖപ്പെടുത്തുക. വെന്റിലേഷന്, ഡയാലിസിസ് പോലെ ജീവന് നിലനിര്‍ത്തുന്ന ചികിത്സകള്‍ സ്വീകരിക്കണോ വേണ്ടയോ, മരണശേഷമുള്ള അവയവദാനം, സംസ്കാരച്ചടങ്ങുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ മുന്‍കൂട്ടി തീരുമാനിക്കാം.
18 വയസ് തികഞ്ഞ ആര്‍ക്കും ലിവിംഗ് വില്‍ ഒപ്പുവയ്ക്കാം. ബന്ധുക്കളുമായി ആലോചിച്ചതിനുശേഷം ഒപ്പുവെച്ച ഈ രേഖകള്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന് ഒപ്പുവയ്ക്കും. ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴില്‍ സൂക്ഷിക്കുന്നതാണ് രീതി.
മെഡിക്കല്‍ കോളജിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ കാരുണ്യ എന്ന പേരില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്.
അരയ്ക്കു താഴെ തളര്‍ന്നവരെ ഒരുമിച്ചുകൂട്ടി എല്ലാ വര്‍ഷവും പാരാപ്ലീജിയ മീറ്റും മറ്റു മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. കിടപ്പുരോഗികള്‍ക്ക് മാനസികവും ശാരീരികവുമായി പിന്തുണ നല്‍കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യംവയ്ക്കുന്നത്. കൂടാതെ ഹൗസ് സര്ജന്മാര്ക്കുള്ള കരിക്കുലത്തിലും പാലിയേറ്റീവ് കെയര്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ആലപ്പുഴയിലെയും സമീപ പ്രദേശങ്ങളിലെയും കിടപ്പുരോഗികളെ ഡോക്ടര്‍മാര്‍ നേരിട്ട് വീടുകളിലെത്തി പരിശോധിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ സമഗ്ര പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.