കടലാക്രമണം തടയാൻ പിടിപ്പിച്ച നിരവധി കാറ്റാടി മരങ്ങൾ കനത്ത മഴയിലും ശക്തമായ തിരമാലയിലും നിലംപൊത്തി
1578786
Friday, July 25, 2025 11:40 PM IST
അമ്പലപ്പുഴ: കടലാക്രമണം തടയാൻ പിടിപ്പിച്ച നിരവധി കാറ്റാടി മരങ്ങൾ കനത്ത മഴയിലും ശക്തമായ തിരമാലയിലും നിലംപൊത്തി. പുന്നപ്ര വിയാനി, ചള്ളി, നർബോന, പറവൂർ ഗലീലിയ, വാടക്കൽ അറപ്പപൊഴി, വട്ടയാൽ ഇഎസ്ഐ, വാടപ്പൊഴി ഭാഗങ്ങളിലാണ് കടലാക്രമണം ശക്തമായി തുടരുന്നത്.
തീരങ്ങളിലെ നൂറുകണക്കിനു മരങ്ങളാണ് അടിവേരിളകി നിലംപൊത്തിയത്. ഇവ വെട്ടി മാറ്റാൻ അധികൃതർ ശ്രമിക്കാത്തതുമൂലം പൊന്തുവലക്കാർ ഉൾപ്പെടെയുള്ള ചെറിയ മത്സ്യബന്ധന യാനങ്ങൾക്കു കടലിൽ ഇറക്കാൻ പറ്റാത്ത സ്ഥിതിയാണ്.
കൂറ്റൻ മരങ്ങൾ കടലിലേക്ക് ഒഴുകുന്ന പൊഴിമുഖത്തിന് തടസമായാണ് കിടക്കുന്നത്. അതേസമയം, കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുള്ളതിനാൽ ചാകര ഉറച്ച തോട്ടപ്പള്ളി ഹാർബറിൽനിന്നു ഭൂരിഭാഗം വള്ളങ്ങളും കടലിൽ ഇറക്കിയില്ല.
വളർച്ചയെത്താത്ത ചെറിയ അയല പിടിക്കുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
നിരോധനം ലംഘിച്ച് മീൻ പിടിച്ച വള്ളങ്ങൾക്കെതിരേ കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് പിഴ ചുമത്തിയിരുന്നു.