അപ്പര്‍കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പുയരുന്നു
1578539
Thursday, July 24, 2025 11:20 PM IST
എടത്വ: മഴ കനത്തതോടെ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി. നദികളിലും ജലനിരപ്പുയര്‍ന്നു. വള്ളപ്പൊക്കം മൂലം മിത്രക്കരി-മുട്ടാര്‍-എടത്വ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഇന്നുമുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് എടത്വ ഡിപ്പോയില്‍നിന്ന് അറിയിച്ചു. ഒരാഴ്ചയില്‍ ഏറെയായി ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ടെങ്കിലും മൂന്നു ദിവസമായി പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
കാലവര്‍ഷം ആരംഭിച്ച് നാലാം വട്ടമാണ് ജലനിരപ്പുയരുന്നത്. മഴക്കെടുതിയില്‍ ഏറെ ദുരിതം അനുഭവിച്ച അപ്പര്‍ കുട്ടനാട്ടുകാര്‍ക്ക് വീണ്ടുമൊരു വെള്ളപ്പൊക്കം കടുത്ത യാതനകള്‍ സൃഷ്ടിക്കും. പമ്പാ, അച്ചന്‍കോവില്‍, മണിമലയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്ന് വരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
ഗ്രാമീണ റോഡുകളും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. ശക്തമായ മഴയ്ക്കൊപ്പം ഉണ്ടാകുന്ന കാറ്റും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. മഴ ഒരാഴ്ച നീണ്ടുനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍ കുട്ടനാട്ടുകാര്‍ ആശങ്കയിലാണ്.