മഴയിലും തോരാത്ത ആവേശം; കായംകുളത്ത് ജനം ഒഴുകിയെത്തി
1578306
Wednesday, July 23, 2025 11:20 PM IST
കായംകുളം: വിപ്ലവ സൂര്യൻ വി.എസ്. അച്യുതാന്ദന് കായംകുളത്തിന്റെ മണ്ണിൽ ആയിരങ്ങളുടെ അന്ത്യാഞ്ജലി.
കോരി ച്ചൊരിയുന്ന മഴയിലും തോരാത്ത വിപ്ലവ ആവേശം നെഞ്ചേറ്റി കണ്ണേ കരളേ വി.എസേ എന്ന മുദ്രാവാക്യവുമായി സ്ത്രീകളും കുട്ടികളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ വൻ ജനാവലി ഇന്നലെ രാവിലെ മുതലേ കായംകുളത്തേക്ക് ഒഴുകിയെത്തി.
രാവിലെ ഏഴരയോടെ വിലാപയാത്ര ജില്ലാ അതിർത്തിയായ ഓച്ചിറയിൽ എത്തി. ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് പുഷ്പചക്രം അർപ്പിച്ച് അന്ത്യോപചാരം അർപ്പിച്ചു. വി.എസിന്റെ ജീവിതവും സമര പോരാട്ടങ്ങളുടെ ചരിത്രവും ഇടപഴകിയ ആലപ്പുഴ ജില്ലയുടെ മണ്ണിലേക്ക് വിലാപയാത്ര പ്രവേശിച്ചപ്പോൾ പാതയോരം ജനസാഗരമായി തീർന്നു.
കെപിഎസി നാടകവേദി, കായംകുളം ജിഡിഎം, കരീലക്കുളങ്ങര എന്നിവിടങ്ങളിൽ ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും അന്ത്യോപചാരം അർപ്പിക്കാൻ അവസരം നൽകി. രാവിലെ എട്ടരയോടെ കായംകുളത്തുനിന്നു വിലാപയാത്ര ഹരിപ്പാട് മണ്ഡലത്തിലേക്ക് കടന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ കടന്ന് 16 മണിക്കൂർ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴ ജില്ലയുടെ മണ്ണിലേക്ക് പ്രവേശിച്ചത്.
എന്നിട്ടും വി.എസിനെ കാത്തുനിന്നവർക്ക് പകലും രാത്രിയും ഒരുപോലെ ആയിരുന്നു. അനേകായിരങ്ങളുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങിയാണ് ജില്ലയുടെ വിപ്ലവമണ്ണിലൂടെ വി.എസിന്റെ അവസാന യാത്ര കടന്നുപോയത്.