കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തത് അപലപനീയം: മാർ തോമസ് തറയിൽ
1579305
Sunday, July 27, 2025 11:25 PM IST
മുഹമ്മ: വടക്കേ ഇന്ത്യയിൽ രണ്ടു കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് ചങ്ങനാശേരി അതിരുപത ബിഷപ് മാർ തോമസ് തറയിൽ. ദൈവം കൂടെയുള്ളവരെ തകർക്കാൻ ആർക്കും കഴിയില്ല. 2.3 ശതമാനം മാത്രം വരുന്ന ക്രൈസ്തവസമൂഹത്തെ ഭയപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ദൈവിക പിന്തുണ ഉള്ളതിനാലാണ് സഭയ്ക്ക് ഭൗതി കമായും ആത്മീയമായും ഉയരാൻ കഴിയുന്നത്.- മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു.
വേദനകളിലും യാതനകളിലും തളരാതെ ദൈവത്തെ മുറുകെപിടിക്കുക. പ്രശ്നങ്ങൾ വിശ്വാസിയാകാനുള്ള അവസരമാണ്. അനന്തമായ സ്നേഹത്തിന്റെ ചരിത്രമാണ് കർത്താവിന്റെ മനുഷ്യാവതാരം. ദൈവത്തിൽ വിശ്വാസമർപ്പിക്കുന്നവർക്കു മുന്നിൽ തുറക്കാത്ത വാതിലുകൾ ഉണ്ടാകില്ല. വേദനകളം ദുഃഖങ്ങളും ദൈവീക പരിരക്ഷയുള്ള വിശ്വാസികളെ സ്പർശിക്കില്ല.
ഓരോ മനുഷ്യനും രക്ഷിക്കപ്പെടുന്നതിനായി പിന്നാലെ നിൽക്കുന്നതാണ് കർത്താവിന്റെ മനുഷ്യാവതാരം. മിശിഹായുടെ ശരീരമാണ് സഭ എന്നാണ് പൗലോസ് ശ്ലീഹാ പറഞ്ഞത്. കൂദാശ സ്വീകരിക്കുന്നവരിൽ ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും. മുഹമ്മ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടന്ന കാർപ്പ് ഹെൽപ്പ് ഡെസ്ക്കിന്റെ അതിരൂപതാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംവരണം ഉൾപ്പെടെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകുന്ന ആനുകൂല്യങ്ങൾ വിശ്വാസീ സമൂഹത്തിൽ എത്തിക്കാൻ ഹെൽപ്പ് ഡെസ്ക്കുകൾ പ്രയോജനപ്പെടുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
ഫൊറോനാ വികാരി ഫാ.ആന്റണി കാട്ടൂപ്പാറ, കൈക്കാരന്മാരായ ടി.ജി. പോൾ പട്ടാറ, രാജുമോൻ ജോസഫ് കരിപ്പുറത്ത്, കാർപ്പ് കോ-ഓർഡിനേറ്റർ ടോംസ് ചമ്പക്കുളം, ബേബി പട്ടക്കര, പാരീഷ് കൗൺസിൽ സെക്രട്ടറി എ.ടി. വർഗീസ്, ഔസേപ്പച്ചൻ കുറ്റാലത്തുചിറ എന്നിവർ പ്രസംഗിച്ചു.