ആറാട്ടുപുഴയിൽ കടലാക്രമണം രൂക്ഷം; പെരുമ്പള്ളിയിൽ വീട് തകർന്നു
1579129
Sunday, July 27, 2025 5:49 AM IST
ഹരിപ്പാട്: കടലാക്രമണം രൂക്ഷമായതോടെ തീരവാസികളുടെ ജീവിതം വീണ്ടും ദുഃസഹമായി. കടലാക്രമണത്തിൽ പെരുമ്പള്ളിയിൽ വീട് തകർന്നു. തീരസംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ നാലു മണിക്കൂറോളം റോഡ് ഉപരോധിച്ചു.
പ്രക്ഷുബ്ധമായ കടൽ ഭീതിവിതയ്ക്കുകയാണ്. ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കൽ പെരുമ്പള്ളി, കാർത്തിക ജംഗ്ഷൻ എന്നിവിടങ്ങളിൽ കടലാക്രമണം ദുരിതംവിതച്ചു. പെരുമ്പള്ളി പറത്തറയിൽ കുഞ്ഞുമോന്റെ വീട് തകർന്നു. പിൻഭാഗത്തെ ഭിത്തി ഭാഗികമായി കടലെടുത്തു. അടിത്തറയുടെ അടിയിൽനിന്നും മണ്ണ് നഷ്ടപ്പെട്ടു. ഏതു നിമിഷവും വീട് നിലം പതിക്കാവുന്ന അവസ്ഥയിലാണ്. വീട്ടിലെ സാധനസാമഗ്രികൾ തൊട്ടടുത്ത വീടുകളിലേക്ക് നീക്കി.
ഭീഷണി ശക്തമായ സാഹചര്യത്തിൽ പതിനായിരങ്ങൾ മുടക്കി മണൽ ചാക്ക് അടുക്കിവച്ച് വീട് സംരക്ഷിക്കാനുള്ള അവസാന ശ്രമം ഫലം കണ്ടില്ല. ഇവിടെ കൊച്ചുവീട്ടിൽ രതീഷിന്റെ വീട് അപകടഭീഷണിയിലാണ്.
തീരസംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ തൃക്കുന്നപ്പുഴ-വലിയഴിക്കൽ തീരദേശ റോഡ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. തൃക്കുന്നപ്പുഴ പോലീസ് എത്തിയെങ്കിലും സമരക്കാർ പിന്മാറിയില്ല. കാർത്തികപ്പള്ളി താലൂക്ക് ഡെപ്യൂട്ടി താഹസിൽദാർമാരായ ടി. സിന്ധുമോൾ, അമോദ് എം. ദാസ്, അസി. വില്ലേജ് ഓഫീസർ ബി. ഗിരീഷ് കുമാർ എന്നിവർ സംഭവസ്ഥലത്ത് എത്തി സമരക്കാരുമായി ചർച്ച നടത്തി. അപകടഭീഷണിയുള്ള വീടുകൾ ജിയോ ബാഗ് അടുക്കി താത്കാലിക സംരക്ഷണം ഏർപ്പെടുത്തുന്നതിന് 20 ലോഡ് മണൽ എത്തിക്കുമെന്ന് ഉറപ്പുനൽകി.
തിങ്കളാഴ്ച ഉച്ചയ്ക്ക് കളക്ടറേറ്റിൽ ഇറിഗേഷൻ വകുപ്പ് ഇദ്യോഗസ്ഥരും നാട്ടുകാരുടെ പ്രതിനിധിയുമായി ചർച്ച നടത്തുമെന്നും റവന്യു അധികൃതർ സമരക്കാർക്ക് ഉറപ്പുനൽകി. തുടർന്ന് ഏഴരയോടെ റോഡ് ഉപരോധം അവസാനിപ്പിച്ചു. ബസുകൾ അടക്കം നിരവധി വാഹനങ്ങൾ ഉപരോധം മൂലം റോഡിൽ കുടുങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി.