നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു; രണ്ടു പേർക്കു പരിക്ക്
1579312
Sunday, July 27, 2025 11:25 PM IST
മാന്നാർ: നിയന്ത്രണം വിട്ട കാർ കടയ്ക്കു മുന്നിലേക്ക് ഇടിച്ചുകയറി തലകീഴായി മറിഞ്ഞു. വഴിയരികിൽനിന്ന വയോധികനുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. മദ്യലഹരിയിലായിരുന്ന കാർ യാത്രക്കാർ പോലീസുമായി വാക്കേറ്റം നടത്തിയതിനെത്തുടർന്ന് പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മദ്യപിച്ച് അപകടകരമായ നിലയിൽ വാഹനമോടിച്ചതിനും കാർ യാത്രക്കാരായ മൂന്നു പേർക്കെതിരേ മാന്നാർ പോലീസ് കേസേടുത്തു. ബുധനൂർ തോപ്പിൽ ചന്ത ജംഗ്ഷനിലായിരുന്നു സംഭവം. ബുധനൂർ കാവിൽ ബേക്കറിക്കു മുന്നിലേക്കായിരുന്നു കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.
അമിത വേഗതയിൽ കാർ വരുന്നത് കണ്ട് ഓടിമാറിയ ബുധനൂർ തുള്ളൽ കളത്തിൽ സനൽ കുമാർ (60), കാർ യാത്രികനായ തിരുവനന്തപുരം സ്വദേശി സുരാഗ് (26) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പരുമല ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു. പരിക്കേറ്റ സുരാഗ്, മറ്റ് കാർ യാത്രികരായ മാന്നാർ കുട്ടമ്പേരൂർ സ്വദേശികളായ അഭിജിത്ത് കൃഷ്ണൻ, അഭിജിത്ത് ആർ. നായർ എന്നിവർക്കെതിരെയാണ് മാന്നാർ പോലീസ് കേസെടുത്തത്.