ജനങ്ങൾക്ക് ഭീഷണിയായി ട്രാൻസ്ഫോർമർ
1579570
Tuesday, July 29, 2025 12:22 AM IST
അമ്പലപ്പുഴ: അപകടകരമായി റോഡരികിൽ നിൽക്കുന്ന ട്രാൻസ്ഫോർമർ ജനങ്ങൾക്കു ഭീഷണിയാകുന്നു. വണ്ടാനം മുക്കയിൽ ആറ്റുതീരം റോഡിനരികിലാണ് അപകടഭീഷണിയിൽ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്. നാലുപാടം പാടശേഖരത്തിന്റെ മോട്ടോർ തറയ്ക്കു സമീപമാണ് ട്രാൻസ്ഫോർമർ നിൽക്കുന്നത്.
വീതികൂട്ടി റോഡ് പുനർനിർമിച്ചതോടെയാണ് ട്രാൻസ്ഫോർമർ റോഡിനരികിലായത്. ഇപ്പോൾ റോഡിനോട് ചേർന്നാണ് ട്രാൻസ്ഫോർമർ നിൽക്കുന്നത്.
സ്കൂൾ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളും യാത്രക്കാരുമാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. എന്നിട്ടും ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. റോഡു നിർമാണമേറ്റെടുത്ത കരാറുകാരനാണ് ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കേണ്ടിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. റോഡിനോട് ചേർന്ന് നിൽക്കുന്ന ഈ ട്രാൻസ് ഫോർമറിന് യാതൊരു സുരക്ഷാ സംവിധാനമൊരുക്കാത്തതും യാത്രക്കാരുടെ ജീവന് ഭീഷണിയായിരിക്കുകയാണ്. എന്നാൽ, റോഡ് നിർമാണം പൂർത്തിയായിട്ടും ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാതെ വന്നതോടെ ഇതിലൂടെ ജീവൻ പണയം വച്ചാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്.