മാവേലിക്കരയിലെ കുട്ടികളുടെ മുനിസിപ്പൽ പാര്‍ക്ക് മാലിന്യക്കൂമ്പാരം
1579130
Sunday, July 27, 2025 5:49 AM IST
മാവേലിക്കര: ഏറ്റവും ശുചിത്വമുള്ളതായി സൂക്ഷിക്കേണ്ടുന്ന കുട്ടികളുടെ പാര്‍ക്കു പോലും മാലിന്യക്കൂമ്പാരമാകുന്ന കാഴ്ച മാവേലിക്കരയില്‍ മാത്രമാകും കാണാനാകുക. ദേശാഭിമാനി ടി.കെ. മാധവന്റെ പേരിലുള്ളതാണ് നഗരസഭയുടെ ഈ കളിസ്ഥലം. അവധിദിവസങ്ങളില്‍ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലേയും നൂറുകണക്കിന് കുട്ടികളാണ് ഉല്ലാസത്തിനായി എത്തിച്ചേരുക.

എന്നാല്‍, ഇന്ന് പാര്‍ക്ക് കവാടത്തിനരികില്‍ എത്തുമ്പോഴേക്കും മൂക്കുപൊത്തി അകത്തേക്ക് പ്രവേശിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച പാര്‍ക്കില്‍ കുട്ടികളുടെ കളികോപ്പുകള്ക്കു പുറമേ മാവേലിക്കരയിലെ മണ്മറഞ്ഞ പ്രശസ്തരുടെ സ്മാരകങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ഇവിടെ പൊതു പരിപാടികള്‍ നടത്താനുള്ള ഒരു ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവുമുണ്ട്.
മാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രം
നിലവില്‍ പാര്‍ക്കിലെ കളിയുപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതിന് പതിനഞ്ച് മീറ്ററിനുള്ളില്വരെ മാലിന്യക്കൂമ്പാരമാണ്. നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ പൊതു സ്ഥലങ്ങളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് മുനിസിപ്പല്‍ പാര്‍ക്കിനുള്ളില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ക്കില്‍ പകല്‍പോലും കൊതുകുശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്. കൂടാതെ മാലിന്യങ്ങള്‍ ചീഞ്ഞനാറ്റവും സഹിച്ചുവേണം പാര്ക്കിലിരിക്കാന്.
ഇഴജന്തുക്കളുടെ വിഹാരം
മുനിസിപ്പാലിറ്റിയുടെ പാര്‍ക്കിനുള്ളിലായി സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിച്ചുവന്ന കെട്ടിടവും കാടുകയറിയ നിലയി ലാണ്. മാലിന്യശേഖരണത്തിനായി മുന്‍പ് നഗരസഭ ഉപയോഗിച്ചിരുന്ന വാഹനങ്ങളും കുന്നുകൂടി കിടക്കുന്നു. ഇവിടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്ന് ആക്ഷേപമുണ്ട്. കുട്ടികള്‍ കളിക്കുന്ന ഇടമായതിനാല്‍ തന്നെ വലിയ ആശങ്കയാണ് ഇതുയര്‍ത്തുന്നത്.
നിരവധി പദ്ധതികള്‍, ഒന്നും വിജയിച്ചില്ല
മുന്‍ ഭരണസമിതികളുടെ കാലഘട്ടത്തില്‍ മാലിന്യം ഒഴിഞ്ഞ സ്വകാര്യ പറമ്പുകളിലും മറ്റും നിക്ഷേപിച്ചിരുന്നു. അതു നടക്കാതെയായതോടെ പുതിയകാവ് ചന്തയുടെ പിന്‍ഭാഗം മാലിന്യ ഡമ്പിംഗ് യാര്ഡാക്കുകയായിരുന്നു നഗരസഭ. അവിടെ മാലിന്യപ്രശ്നം രൂക്ഷമായതോടെ ജനങ്ങള്‍ തെരുവിലിറങ്ങിയതിനെത്തുടര്‍ന്ന് കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലഘട്ടത്തില്‍ തുംകൂര്മോഴി പദ്ധതി ഉള്‍പ്പടെയുള്ളവ നടപ്പാക്കുകയും ഒരു പരിധിവരെ മാലിന്യസംസ്കരണം നടന്നിരുന്നു. ഇത് പൂര്‍ണമായും നിലച്ചതോടെയാണ് മുനിസിപ്പല്‍ പാര്ക്കിന് ഈ ദുര്‍വിധി ഉണ്ടായത്.
വിനോദത്തിനായി മറ്റൊരു സംവിധാനവും നിലവിലില്ലാത്ത നഗരസഭയില്‍ സാധാരണ ജനങ്ങള്‍ക്ക് കുടുംബമായി ഒഴിവുസമയങ്ങള്‍ ചെലവഴിക്കാനുള്ള ഏക സ്ഥലമാണ് ടി.കെ. മാധവന് സ്മാരക മുനിസിപ്പല്‍ പാര്‍ക്ക്. പരിമിതമായ സൗകര്യങ്ങളെ പാര്ക്കിലുള്ളു വെങ്കില്‍ പോലും അവധി സമയങ്ങളിൽ വലിയ തിരക്കായിരുന്നു. ഇതിലൂടെ നഗരസഭയ്ക്ക് ടിക്കറ്റ് ഇനത്തില്‍ ചെറിയൊരു വരുമാനവും ലഭിച്ചിരുന്നു. എന്നാല്‍, ദുരിതം പേറി മാത്രമേ ഇന്നു പാര്‍ക്കിലേക്ക് സമയം ചെലവഴിക്കാനായി പോകാന്‍ സാധിക്കു എന്ന അവസ്ഥയിലാണ് മാവേലിക്കര നിവാസികൾക്ക്.