തിരുവൻവണ്ടൂരിൽ ചുഴലിക്കാറ്റ് നാശം വിതച്ചു; വീടുകൾ തകർന്നു, വ്യാപക വൈദ്യുതി മുടക്കം
1579131
Sunday, July 27, 2025 5:49 AM IST
ചെങ്ങന്നൂർ: ശക്തമായ ചുഴലിക്കാറ്റിൽ തിരുവൻവണ്ടൂർ പഞ്ചായത്തിൽ രണ്ടു വീടുകൾക്ക് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിക്കുകയും പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായി തകരുകയും ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ തിരുവൻവണ്ടൂർ പഞ്ചായത്തിലെ നാലാം വാർഡിൽ തുണ്ടിയിൽ വീട്ടിൽ ടി.വി. മുരളിയുടെ വീടിന് സമീപത്തെ കൂറ്റൻമാവ് കടപുഴകി വീണ് വൻ നാശനഷ്ടങ്ങളുണ്ടായി. അടുക്കള, ചിമ്മിനി, ശുചിമുറി, വാട്ടർ ടാങ്ക്, ഷീറ്റ്, ഓട് എന്നിവ പൂർണമായി തകർന്നു. അപകടം സംഭവിക്കുമ്പോൾ മുരളിയുടെ ഭാര്യ അമ്പിളി, മകൾ അനഘ, ജ്യേഷ്ഠസഹോദരൻ സുകുമാരൻ, ഭാര്യ രത്നമ്മ എന്നിവർ അടുക്കളയിൽ ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഉഗ്രശബ്ദം കേട്ട് ഉടൻതന്നെ വീട്ടംഗങ്ങൾ പുറത്തേക്ക് ഓടിമാറിയതുകൊണ്ട് വലിയൊരു ദുരന്തം ഒഴിവായി.
വീടിനോട് ചേർന്ന് തടിപ്പണിക്കാരനായ മുരളി താൻ നിർമിച്ച ഫർണിച്ചറുകളും മറ്റും സൂക്ഷിച്ചിരുന്ന ഷെഡും വ്യാഴാഴ്ച പുലർച്ചെയുണ്ടായ കാറ്റിൽ സമീപത്തെ പുളിമരം വീണ് പൂർണമായി നശിച്ചു. നിർമിക്കാൻ വച്ചിരുന്ന തടികൾ അടക്കം ഉപയോഗശൂന്യമായി. ഏകദേശം മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മുരളി അറിയിച്ചു. വീണ രണ്ടു വൃക്ഷങ്ങളും ഒരേ പുരയിടത്തിൽനിന്നുള്ളതാണ്. സണ്ണിയുടെ വീടിന്റെ അടുക്കള പൂർണമായും തകർന്നു.
അഞ്ചാം വാർഡിൽ പടിഞ്ഞാറേപ്പറമ്പിൽ സണ്ണിയുടെ വീടിന്റെ മുകളിലേക്ക് പുളിമരം കടപുഴകി വീണ് അടുക്കള പൂർണമായും തകർന്നു. മുൻവശത്തെ ഹാളിന്റെ ഷീറ്റും സമീപത്തെ ഷെഡും നശിച്ചു. അപകടസമയത്ത് സണ്ണിയുടെ ഭാര്യ റീന അടുക്കളയിൽ പാചകം ചെയ്യുകയായിരുന്നു. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതുകൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി. കല്ലിശേരി സെക്ഷന്റെ പരിധിയിൽ ഏകദേശം 45 ഓളം സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകളിലേക്ക് മരങ്ങൾ കടപുഴകി വീഴുകയും 15 വൈദ്യുതി പോസ്റ്റുകൾ തകരുകയും ചെയ്തു. ഇപ്പോഴും പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. വൈദ്യുതി എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി കെഎസ്ഇബി അറിയിച്ചു.
കാറ്റിൽ വീണ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി എത്തുന്ന സംഘങ്ങൾ വീട്ടുടമസ്ഥരിൽനിന്ന് 8,000 രൂപ മുതൽ 10,000 രൂപ വരെ ഈടാക്കുന്നതായി വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. ദുരന്തം മുതലെടുത്ത് ഇവർ പണം കൊയ്യുകയാണെന്നും സാധാരണക്കാർക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും നാട്ടുകാർ പറയുന്നു. മരം മുറിക്കൽ കെഎസ്ഇബിയുടെ നിയന്ത്രണത്തിൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.