അരുമനാടിനായി ഒരുമയോടെ എന്ന മുദ്രാവാക്യവുമായി കുട്ടനാടൻ ജനത ഒത്തുകൂടി
1579573
Tuesday, July 29, 2025 12:22 AM IST
മുട്ടാർ: അരുമനാടിനായി ഒരുമയോടെ എന്ന മുദ്രാവാക്യവുമായി കട്ടുനാടൻ ജനത മുട്ടാറ്റിൽ എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി ആലോചനാ യോഗം നടത്തി. ജനപ്രതിനിധികൾ, സാമൂദായിക നേതാക്കൻമാർ, രാഷ്ട്രീയനേതാക്കൻമാർ, സ്ഥാപന മേധാവികൾ, ക്ലബ് ഭാരവാഹികൾ, പൊതുജനങ്ങൾ എന്നിവർ ചേർന്നായിരുന്നു ആലോചനാ യോഗം. മുട്ടാർ സെന്റ് ജോർജ് പാരീഷ് ഹാളിൽ നടന്ന യോഗത്തിൽ വികാരി ഫാ. ജോൺ വി. തടത്തിൽ അധ്യക്ഷത വഹിച്ചു.
അടുത്തടുത്തുണ്ടായ നാലു വെള്ളപ്പൊക്കം മൂലം കുട്ടനാട്ടുകാർ നരകയാതന അനുഭവിക്കുന്നതായി അദ്ദേഹം പറഞ്ഞു. മുട്ടാർ ഒറ്റപ്പെടുന്ന അവസ്ഥ മാറ്റാൻ അടിയന്തരമായി മുട്ടാർ സെൻട്രൽ റോഡിലെ സൗഹ്യദയ ജംഗ്ഷൻ മുതൽ കൈതത്തോടുവരെയുള്ള ഭാഗം ഉയർത്തി പണിയുക, മുട്ടാർ മിത്രക്കരി ജീമംഗലം റോഡ് ഉയർത്തി ജീമംഗലം പാലം പണിയുക, മണിമലയാറ്റിലെയും ചെറുതോടുകളുടെയും ഇരുവശത്തുമുള്ള കാട് വെട്ടിത്തെളിച്ച്, മണൽ നീക്കം ചെയ്ത് ആഴം കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ സാധിക്കാൻ ഒന്നാം ഘട്ടമായി ഭീമ ഹർജി മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാർ, എംഎൽഎ, എംപി, ജില്ലാ കളക്ടർ എന്നിവർക്കു നൽകാൻ തീരുമാനിച്ചു.
രണ്ടാം ഘട്ടത്തിൽ ജനകീയ സമരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. അടുത്തവർഷത്തെ വെള്ളപ്പൊക്കത്തിൽ മുട്ടാർ ഒറ്റപ്പെടാതെയും കുട്ടനാട്ടുകാർക്ക് വെള്ളപ്പൊക്ക ദുരിതത്തിൽനിന്നു രക്ഷ ലഭിക്കാനുള്ള നടപടികളുമായി ആക്ഷൻ കൗൺസിൽ മുന്നോട്ടുപോകും. വിഷയാവതരണം തോമസ്കുട്ടി മാത്യു ചീരംവേലിൽ നിർവഹിച്ചു. ഫാ. ടോണി പുതുവീട്ടികളം, ഫാ. ജോസഫ് കട്ടപ്പുറം, ഫാ. ജോജിൻ ഇലഞ്ഞിക്കൽ, ഫാ. ജോൺ സി. മോളിപ്പാവിൽ, സി.കെ. വേണുഗോപാൽ, ഫാ. മനു, കെ.പി. കുഞ്ഞുമോൻ, പി.കെ. സദാനന്ദൻ, പി.ജെ. പ്രസന്നകുമാർ തുടങ്ങിയവർ അടങ്ങിയ ആക്ഷൻ കൗൺസിൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.