തറവാട് കുടുംബക്കൂട്ടായ്മയുടെ ഇടപെടൽ; ആവണിക്ക് വീടായി
1579124
Sunday, July 27, 2025 5:49 AM IST
ഹരിപ്പാട്: ചെറിയൊരു ഷെഡിനുള്ളിൽ ദുരിത ജീവിതം നയിച്ച ആവണിക്കും പിതാവ് ശാന്തനും സ്വന്തമായി വീടായി. സൗദി അറേബ്യയിലെ റിയാദിൽ പ്രവർത്തിക്കുന്ന കുടുംബകൂട്ടായ്മയായ തറവാട് തങ്ങളുടെ ഒരു വീട് ഭവന പദ്ധതിയുടെ ഭാഗമായാണ് ഈ കുടുംബത്തിന് വീട് ഒരുക്കിയത്. ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ് നിത്യവൃത്തിക്ക് പോലും വകയില്ലാതെ വിഷമിച്ച ശാന്തന് ഇത് സന്തോഷത്തിന്റെ നിമിഷം.
കൂട്ടായ്മയുടെ മൂന്നാമത്തെ വീടാണിത്. താക്കോൽദാനച്ചടങ്ങ് നഗരസഭാ ചെയർമാൻ കെ.കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തറവാടിന്റെ രക്ഷാധികാരി രമേശ് മാലി വീടിന്റെ താക്കോൽ ആവണിക്ക് കൈമാറി. വാർഡ് കൗൺസിലർ സജിനി സുരേന്ദ്രൻ, തറവാടിന്റെ ചാരിറ്റി കമ്മിറ്റി അംഗങ്ങളായ എം.പി. ഷിജു, മഹേഷ് പിള്ള, ശ്രീകാന്ത് ശിവൻ, സന്തോഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.