നേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കാന്‍ ശ്രമം; ഒടുവില്‍ കള്ളന് കുടുങ്ങി
1579304
Sunday, July 27, 2025 11:25 PM IST
എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയുടെ കുരിശടിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസിന്റെ പിടിയില്‍. തകഴി കുന്നുമ്മ കാട്ടില്ചിറ കെ.പി. പ്രകാശാണ് പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ 1.30ന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളി കുരിശടിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ഫെഡറല്‍ ബാങ്കിലെ സെക്യൂരിറ്റി ഗോവിന്ദരാജ് ഓടി എത്തിയപ്പോഴേക്കും കള്ളന് ശ്രമം ഉപേക്ഷിച്ച് കടന്നിരുന്നു. മോഷണശ്രമം നടത്തിയ സ്ഥലത്തിനു സമീപം വച്ചിരുന്ന സ്കൂട്ടറില്‍ കയറി കള്ളന് എടത്വ ഭാഗത്തേക്ക് രക്ഷപ്പെട്ടു.
സെക്യൂരിറ്റി ഉടന്‍തന്നെ എടത്വ പോലീസില്‍ വിവരം ധരിപ്പിച്ചു. മോഷ്ടാവ് ധരിച്ചിരുന്ന വസ്ത്രത്തിന്റെയും സ്കൂട്ടറിന്റെ യും രൂപം മനസിലാക്കിയ പോലീസ് നടത്തിയ അന്വഷണത്തില്‍ ഒരു സ്കൂട്ടര്‍ അമിതവേഗതയില്‍ യാത്ര ചെയ്യുന്നതായി കണ്ടു. പോലീസ് സ്കൂട്ടറിനെ പിന്തുടരുന്നതു ശ്രദ്ധയില്‍പ്പെട്ട കള്ളന് എടത്വ കോളജിനു മുന്‍പിലുള്ള ആലംതുരുത്തി റോഡിലേക്കു തിരിച്ചു.
അമിതവേഗതയിലായിരുന്ന സ്കൂട്ടര്‍ റോഡിന് സൈഡില്‍ കൂട്ടിയിട്ട തടിയില്‍ ഇടിച്ചുമറിഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിക്കുപറ്റി കിടക്കുന്ന പ്രകാശിനെ എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം പ്രകാശിനെ 108 ബുലന്‍സ് വരുത്തി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്കു പറ്റിയ പ്രകാശിന്റെ നില അറിയാന്‍ പോലീസ് ആശുപത്രിയിലേക്ക് വിളിച്ചപ്പോളാണ് ഇയാള്‍ അവിടെനിന്ന് മുങ്ങിയ വിവരം അറിയുന്നത്.
സംശയം തോന്നിയ പോലീസ് അപകടം നടന്ന സ്ഥലത്ത് എത്തിയപ്പോള്‍ ബൈക്ക് തള്ളി ക്കൊണ്ടുപോകുന്ന പ്രകാശനെയാണ് കണ്ടത്. പോലീസ് ഉടന്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നേര്‍ച്ചപ്പെട്ടി കുത്തി ത്തുറന്ന് മോഷണശ്രമം നടത്തിയ സംഭവം പ്രതി സമ്മതിച്ചത്.
നിരവധി മോഷണക്കേസില്‍ പ്രതിയായ പ്രകാശ് അമ്പലപ്പുഴ സ്റ്റേഷനില്‍ പോസ്കോ കേസിലും പ്രതിയായിട്ടുണ്ട്. എറണാകുളം കടവന്ത്ര ഭാഗത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ്. തകഴിയില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പച്ചയില്‍ മോഷണത്തിനായി എത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രകാശിനെ റിമാൻഡ് ചെയ്തു. പ്രതിയെ തെളിവെടുപ്പിന് എത്തിക്കുമ്പോള്‍ മറ്റ് മോഷണങ്ങളെക്കുറിച്ച് വ്യക്തതവരുത്താനാണ് പോലീസിന്റെ തീരുമാനം.
വെള്ളിയാഴ്ച രാത്രിയില്‍ കേളമംഗലം ജംഗ്ഷനില്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി, കുരിശടിയിലെ നേര്‍ച്ചപ്പെട്ടി എന്നിവ കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയിരുന്നു. ചങ്ങങ്കരി ചിറയ്ക്കകം ഭാഗത്ത് ദിവസങ്ങളായി മോഷണ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുന്‍പാണ് ഫെഡറല്‍ ബാങ്ക് പച്ച ശാഖയുടെ എടിഎം കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പ്രതിയെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. എടത്വ സിഐ അന്‍വര്‍, എസ്ഐ രാജേഷ്, എഎസ്ഐമാരായ പ്രിയ കുമാരി, പ്രതീപ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ മുഹമ്മദ്, സീനിയര്‍ സിപിഒ ബിനു, സിപിഒ ബിലാല്‍ ഹാഷിഫ് എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്കി.