സഹൃദയ നാരീശക്തി പദ്ധതിക്ക് ചേര്‍ത്തലയില്‍ തുടക്കം
1579568
Tuesday, July 29, 2025 12:22 AM IST
ചേർത്തല: എറണാകുളം- അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ വി-ഗാര്‍ഡ് ഫൗണ്ടേഷനുമായി സഹകരിച്ച് വിധവകൾ, അവിവാഹിത അമ്മമാർ എന്നിവർക്കായി സംഘടിപ്പിക്കുന്ന സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ നാരീശക്തിയുടെ തയ്യൽ പരിശീലനത്തിനു തുടക്കമായി. സഹൃദയ മേഖലാ ഓഫീസിൽ ചേർത്തല നഗരസഭ കൗൺസിലർ എസ്. സനീഷ് ഉദ്ഘാടനം നിര്‍വഹിച്ചു.
സഹൃദയ അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സിബിൻ തോമസ് മനയംപിള്ളി അധ്യക്ഷത വഹിച്ചു. സഹൃദയ പ്രോഗ്രാം ഓഫീസർ കെ.ഒ. മാത്യൂസ്, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റർ സെബിൻ ജോസഫ്, വി-ഗാർഡ് ഇൻഡസ്ട്രീസ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ എയ്ഞ്ചൽ റോസ്, സഹൃദയ റീജണൽ കോ-ഓര്‍ഡിനേറ്റർ റാണി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
20നും 50നും മധ്യേ പ്രായമുള്ള നൂറ് വനിതകള്‍ക്ക് തയ്യല്‍, ബ്യൂട്ടിഷന്‍ കോഴ്സുകളിലായി നൽകുന്ന 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനത്തിൽ ബുക്ക് കീപ്പിംഗ്, ബാങ്ക് ലോണ്‍ ഇടപാടുകള്‍, മറ്റ് ഔദ്യോഗിക നടപടിക്രമങ്ങള്‍ തുടങ്ങിയ അടിസ്ഥാന സംരംഭകത്വ മൊഡ്യൂളുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി മികവ് പുലര്‍ത്തുന്ന 50 പേര്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുവാനാവശ്യമായ മൂലധന പിന്തുണയും നല്‍കും.