കക്കൂസ് മാലിന്യപ്ലാന്റ്: കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം നാളെ
1579572
Tuesday, July 29, 2025 12:22 AM IST
ചേര്‍ത്തല: നഗരസഭ അനതറവെളിയില് സ്ഥാപിച്ചിരിക്കുന്ന കക്കൂസ് മാലിന്യപ്ലാന്റ് പ്രദേശവാസികള്‍ക്ക് തലവേദനയാകുന്നു. 7.7 കോടി മുടക്കി കെഎല്‍ഡി ഫീക്കല്‍ സ്ലെഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് ജില്ലയിലെ ആദ്യത്തെ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റാണ്. നാലുമാസം മുമ്പാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നുമാസം കൊണ്ട് 700 ഓളം ലോഡ് ടാങ്കര്‍ കക്കൂസ് മാലിന്യം സംസ്കരിച്ചതായി അധികൃതര്‍ പറയുന്നു.
50 സെന്റില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍നിന്നും വരുന്ന സ്ലറിയും വേസ്റ്റ് വെള്ളവും ശാസ്ത്രീയമായി സംസ്കരിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെയാണ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്ലാന്റില്‍നിന്നും വരുന്ന സ്ലറിയും വേസ്റ്റ് ജലവും സംസ്കരിക്കാതെ അവിടെതന്നെ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്.
മഴക്കാലമായതോടെ ഈ മാലിന്യമെല്ലാം പ്രദേശത്ത് ഒഴുകി വ്യാപിക്കുകയും പ്രദേശത്ത് ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യുകയാണ്. പ്രദേശത്തെ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളിലെയും കുഴല്‍ക്കിണറുകളിലെയും ജലം മലീമസമായതായി ജനങ്ങള്‍ ആരോപിക്കുന്നു.
സമീപമുള്ള നിരവധി സ്ഥാപനങ്ങളിലെ ജനങ്ങളുടെ ജീവന് ഇത് ഭീഷണിയായിരിക്കുകയാണ്. പ്രദേശത്ത് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന പ്രത്യാശ കാന്‍സര്‍ സെന്റര്‍, ഗ്രീന്‍ഗാര്‍ഡന്‍സ് ഹോസ്പിറ്റല്‍, കെവിഎം ആശുപത്രി, കെവിഎം ട്രസ്റ്റ് കോളജ്, മരുത്തോര്‍വട്ടം ക്ഷേത്രം, മരുത്തോര്‍വട്ടം പള്ളി, സ്കൂള്‍ തുടങ്ങി തണ്ണീര്‍മുക്കം പഞ്ചായത്തിലെ 18,20,19 വാര്‍ഡുകളിലെയും ചേര്‍ത്തല നഗരസഭയിലെ മൂന്നുവാര്ഡുകളിലെയും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായിരിക്കുകയാണ്.
പരാതിയെത്തുടര്‍ന്ന് കക്കൂസ് മാലിന്യ പ്ലാന്റിലെ നിലവിലെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ ഇടപെട്ട് തത്കാലം മരവിപ്പിച്ചിരിക്കുകയാണ്. കക്കൂസ് മാലിന്യപ്ലാന്റിലെ മാലിന്യസംസ്കരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് 30ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി സജി കുര്യാക്കോസ്, പഞ്ചായത്തംഗം ടി.ടി. സാജു, ജി. ജയകൃഷ്ണന്, ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 30ന് രാവിലെ 10നു നടക്കുന്ന പ്രതിഷേധ സമരം കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്. മനോജ് മുഖ്യപ്രഭാഷണം നടത്തും.