സംസ്ഥാനപാതയിലെ വെള്ളക്കെട്ടില്‍ നില്പുസമരവുമായി കോണ്‍ഗ്രസ്
1579314
Sunday, July 27, 2025 11:25 PM IST
എടത്വ: കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ നെടുമ്പ്രം ഭാഗത്തു വെള്ളം കയറുന്നതു കാരണം ഒരുപ്രദേശം തന്നെ ഒറ്റപ്പെടുകയാണ്. രണ്ടു മാസത്തിനിടയില്‍ നാലാം തവണയാണ് ഇവിടെ വെള്ളം കയറുന്നത്. കുട്ടനാട്ടിലെ എടത്വ, തകഴി, തലവടി, മുട്ടാര്‍ തുടങ്ങിയ പ്രദേശങ്ങളെ ആകെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഈ അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ട്. രണ്ട് മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്ന തിരുവല്ലയിലേക്ക് കുട്ടനാടന്‍ പ്രദേശങ്ങളില്‍നിന്നുള്ള രോഗികള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
അതുപോലെ തന്നെ ചക്കുളത്തുക്കാവ് ദേവീക്ഷേത്രം, എടത്വ പള്ളി, അമ്പലപ്പുഴ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിലേക്ക് എത്തുന്ന തീര്ഥാടകാരെയും സാരമായി ഇത് ബാധിക്കുന്നു. ഉടന്‍തന്നെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും വേണ്ടിവന്നാല്‍ ഒരു എലിവേറ്റഡ് ഹൈവേ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളില്‍ പണിയാനും നടപടി സ്വീകരിക്കണമെന്നും ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പറഞ്ഞു.
നെടുമ്പ്രം ഭാഗത്തെ വെള്ളക്കെട്ടില്‍ നടത്തിയ നില്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സജി ജോസഫ്. തലവടി നോര്‍ത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പില്‍, വിജയകുമാര്‍ കരീശേരില്, നിബിന് കെ. തോമസ്, നിസാര്‍ വെള്ളാപ്പള്ളി, സ്റ്റീഫന്‍ പാറപ്പള്ളി, ജിക്കു ജയിംസ്, സുബിന് മാത്യു, സുജീന്‍ എന്നിവര്‍ പ്രസംഗിച്ചു.