ക്ലാസ് മുറിയുടെ മേൽക്കൂരയിലെ സിമന്റ്പാളി അടർന്നുവീണു
1579123
Sunday, July 27, 2025 5:49 AM IST
കായംകുളം: സ്കൂളിൽ ക്ലാസ് മുറിയുടെ മേൽക്കൂരയിലെ സിമന്റ് പാളി അടർന്നുവീണു. അപകടം ഒഴിവായി. കായംകുളം ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിലെ മേൽക്കൂരയുടെ അടിഭാഗത്തുനിന്നുമാണ് സിമന്റ് പാളി ക്ലാസ്മുറിയുടെ മുന്നിലെ വരാന്തയിൽ വീണത്.
കഴിഞ്ഞദിവസം രാവിലെ ഹൈസകൂൾ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് സംഭവം നടന്നത്. ഈ കെട്ടിടം 1959ൽ നിർമിച്ചതാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇരുനില കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ഇതിന്റെ മുകളിൽ പകുതി ഭാഗത്ത് റൂഫിംഗും ചെയ്തിട്ടുണ്ട്. എന്നാലും കെട്ടിടത്തിൽ നനവ് പിടിക്കുന്നതായി സംശയമുണ്ട്. ഭിത്തികളിൽ ചിലയിടത്ത് വിള്ളലുകളും മേൽക്കൂരയിൽ സിമന്റ് പാളികൾ ചിലയിടത്ത് അടർന്നും ഇരിപ്പുണ്ടെന്നു കുട്ടികളും പറയുന്നു. അടുത്തിടെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
സ്കൂൾ അധികൃതർ പറഞ്ഞതിനെത്തുടർന്ന് നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ എത്തി കെട്ടിടം പരിശോധിച്ചു. കെട്ടിടത്തിന് ബലക്ഷയമുണ്ടോ എന്നറിയാൻ കൂടുതൽ പരിശോധന നടത്തും. അതിനുശേഷമേ കുട്ടികളെ ഇവിടെ ഇരുത്തുകയുള്ളുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കെട്ടിടത്തിന് ബലക്ഷയമുണ്ടെങ്കിൽ ഇവിടത്തെ ക്ലാസുകൾ സമീപത്തെ മറ്റ് സ്കൂളിലെ ഒഴിഞ്ഞ മുറിയിലേക്കു മാറ്റും.