ജില്ലാക്കോടതി പാലം: മത്സ്യകന്യക ശില്പം മാറ്റണം
1579569
Tuesday, July 29, 2025 12:22 AM IST
ആലപ്പുഴ: ജില്ലാക്കോടതി പാലം പുനര്നിര്മിക്കണമെങ്കില് മത്സ്യകന്യക ശില്പം മാറ്റണം. നാല് ദശാബ്ദമായി കനാല്‍ തീരത്തെ കാഴ്ചയായിരുന്ന മത്സ്യകന്യകയുടെ ഭാവി അനിശ്ചിതത്വത്തില്‍. പുനര്‍നിര്‍മാണ നടപടികള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ശില്പം അവിടെനിന്നു മാറ്റിസ്ഥാപിക്കാന്‍ ആലോചന തുടങ്ങിയതാണ്. കളക്ടറുടെ തീരുമാന പ്രകാരം വിദഗ്ധരുടെ സംഘം റിപ്പോര്‍ട്ട് തയാറാക്കി.
കരാര്‍ ഏറ്റെടുത്ത് ശില്പം മാറ്റിവയ്ക്കാന്‍ ഖലാസികള്‍ വന്നു. അന്‍പത് ടണ്‍ ഭാരമുള്ള ശില്പവും അത്രയും ഭാരമുള്ള അടിത്തറയും ഇളക്കി ഉയര്‍ത്തുന്നത് ശ്രമകരമാണെന്നു പറഞ്ഞ് എല്ലാവരും പിന്മാറി. ഇതിനിടെ പാലം നിര്‍മാണത്തിന്റെ ഭാഗമായി വടക്കേക്കരയില്‍ പൈലിംഗ് 56 എണ്ണം പൂര്‍ത്തിയായി. ഇനി രണ്ടെണ്ണം ചെയ്താല്‍ മതി. അതിലൊരെണ്ണം ശില്പം സ്ഥിതിചെയ്യുന്ന സ്ഥലത്താണ്.
പൈലിംഗ് ചെയ്യാന്‍ ശില്പം മാറ്റാതെ പറ്റില്ലെന്നും നിര്‍മാണച്ചുമതലയുള്ള കെആര്‍എഫ്ബി അധികൃതര്‍ ചൂണ്ടിക്കാണിച്ചു. അടുത്തദിവസങ്ങളില്‍ അതിനുള്ള നടപടി ഉണ്ടാകുന്നില്ലെങ്കില്‍ ശില്പം നീക്കം ചെയ്യാനാണ് തീരുമാനം. പക്ഷേ എങ്ങനെയാണെന്നു വ്യക്തമാക്കിയിട്ടില്ല. മത്സ്യകന്യക ശില്പം മാറ്റി സ്ഥാപിക്കുക, പുതുക്കി പണിയുക, ഇതില്‍ ഏതാണ് അനുയോജ്യമെന്നു തീരുമാനമെടുക്കാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരാന്‍ ജില്ലാ വികസനസമിതി യോഗം നിര്‍ദേശിച്ചു. അതേസമയം, പാലത്തിന്റെ നിര്‍മാണം വേഗം വേണമെന്നു വികസനസമിതി യോഗത്തില്‍ എംഎല്‍എമാരായ പി.പി. ചിത്തരഞ്ജനും എച്ച്. സലാമും ആവശ്യപ്പെട്ടു.