ബിന്ദു പത്മനാഭൻ തിരോധാന കേസ്: മൃതദേഹാവശിഷ്ടം ജൈനമ്മയുടേതോ ബിന്ദുവിന്റേതോ?
1579576
Tuesday, July 29, 2025 12:22 AM IST
ചേര്‍ത്തല: ചേര്‍ത്തല കടക്കരപ്പള്ളിയില്നിന്നു ബിന്ദു പദ്മനാഭന്, കോട്ടയം ഏറ്റുമാനൂരില്‍നിന്നു ജൈനമ്മ എന്നിവരെ കാണാതായ കേസുകളില്‍ ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തി. തിരോധാനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ആള്‍ത്താമസമില്ലാത്ത വീടിന്റെ സമീപത്തുനിന്നു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.ജൈനമ്മയുടെ തിരോധാനം അന്വേഷിക്കുന്നതിനിടെയാണ് പോലീസ് സെബാസ്റ്റ്യന്റെ ആളൊഴിഞ്ഞ വീട്ടില്‍ പരിശോധന നടത്തിയതെങ്കിലും കിട്ടിയ അവശിഷ്ടങ്ങളുടെ പഴക്കം ബിന്ദുവിന്റെ തിരോധാനത്തിലേക്കും സംശയം നീളാന്‍ ഇടയാക്കുന്നു.
മാത്രവുമല്ല, കടക്കരപ്പള്ളി ആലുങ്കല്‍ പത്മാനിവാസില്‍ പരേതനായ പത്മനാഭപിള്ളയുടെ മകള്‍ ബിന്ദു പത്മനാഭന് (52) തിരോധാന കേസിലും അമ്മാവന് എന്നു വിളിക്കുന്ന സെബാസ്റ്റ്യന്‍ പ്രതിയാണ്.
ലഭിച്ച അവശിഷ്ടങ്ങള്‍ ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്ക്കുശേഷമേ ഇതുസംബന്ധിച്ച് വ്യക്തത വരുകയുള്ളൂ. അവശിഷ്ടങ്ങള്‍ക്ക് വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ബിന്ദുവിനെ
കാണാതാവുന്നത് 2006ല്‍
2006 മുതല്‍ ബിന്ദു പത്മനാഭനെ കാണാനില്ലായിരുന്നു. എന്നാല്‍, താന്‍ 2007ല്‍ ബിന്ദുവിനെ കാറിലും ഓട്ടോറിക്ഷയിലും ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ കൊണ്ടുവന്നുവിട്ടു എന്നു പറയുന്നതിലെ വിരുദ്ധതമൂലമാണ് ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. ബിന്ദു പത്മനാഭനെ കാണാതായ 2006 മുതല്‍ അവരുടെ ബാങ്ക് അക്കൗണ്ട് ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അന്വഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
2017 ലാണ് വിദേശത്തുള്ള സഹോദരന് പ്രവീണ്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ പട്ടണക്കാട് പോലീസും പിന്നീട് കുത്തിയതോട് പോലീസും തുടര്‍ന്ന് ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയും അന്വേഷണം നടത്തി. കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതോടെ എട്ടോളം ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണം നടത്തിയത്. ഇതിനോടകം 80 പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സംഭവത്തില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് വിവിധ ഘട്ടങ്ങളില്‍ 11 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ അന്വേഷണം നടത്തിയിട്ടും ബിന്ദുവിനെക്കുറിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചില്ല. ജീവിച്ചിരിപ്പുണ്ടോയെന്നുപോലും പോലീസിനും നാട്ടുകാര്‍ക്കും വ്യക്തതയുണ്ടായില്ല. പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ ബിന്ദു പത്മനാഭന് 2003 മുതല്‍ സെബാസ്റ്റ്യനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായും പലതവണ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ ബിന്ദു ചെന്നതായും മൊഴി ലഭിച്ചിരുന്നു.
ബിന്ദു പത്മനാഭന്റെ മാതാപിതാക്കളുടെ മരണശേഷം ഏറ്റവും കൂടുതല്‍ അടുപ്പമുണ്ടായിരുന്നത് സെബാസ്റ്റ്യന്‍ മാത്രമായിരുന്നെന്നും കണ്ടെത്തിയിരുന്നു. ബിന്ദുവിന്റെ എസ്എസ്എല്‍സി ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ കൃത്രിമമായി തയാറാക്കിയതിലും 2013ല്‍ ബിന്ദുവിന്റെ പേരില്‍ ഇടപ്പള്ളിയിലെ ഭൂമി വ്യാജപ്രമാണം ഉണ്ടാക്കി കൈമാറ്റം നടത്തിയ കേസിലുമാണ് സെബാസ്റ്റ്യനെ പ്രധാന പ്രതിയാക്കി പോലീസ് കേസെടുത്തത്. സെബാസ്റ്റ്യന്റെ പ്രധാന സഹായിയും ഓട്ടോറിക്ഷാ തൊഴിലാളിയുമായിരുന്ന പള്ളിപ്പുറം സ്വദേശിയുടെ മരണത്തിലും ദുരൂഹത ഉണ്ടായിരുന്നു.
സെബാസ്റ്റ്യന്റെ ജീവിത പശ്ചാത്തലവും നാട്ടുകാരില്‍ സംശയം ഉണ്ടാക്കിയിരുന്നു.
നാട്ടുകാരില്‍ പലര്‍ക്കും
സംശയം സെബാസ്റ്റ്യനെ
സംഭവത്തില്‍ സെബാസ്റ്റ്യനെയായിരുന്നു നാട്ടുകാരില്‍ പലര്‍ക്കും സംശയം. പണത്തിനുവേണ്ടി ഇയാള്‍ കൊലനടത്തിയതായിരിക്കുമെന്ന് നാട്ടുകാരില്‍ പലരും രഹസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ വീട്ടിലെ ഒഴിഞ്ഞുകിടക്കുന്ന ു പുരയിടത്തിലായിരിക്കും ബിന്ദു പത്മനാഭനെ കുഴിച്ചുമൂടിയിരിക്കുന്നതെന്നായിരുന്നു നാട്ടുകാരുടെ സംശയം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഇയാളെ സംശയം ഉണ്ടായിരുന്നു.
കേസില്‍ ആദ്യ ഘട്ടത്തില്‍ പോലീസിന്റെയും പിന്നീട് ക്രൈംബ്രാഞ്ചിന്റെയും അന്വേഷണങ്ങളെല്ലാം ചെന്നെത്തിയിരിക്കുന്നത് സെബാസ്റ്റ്യനിലാണെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവമാണ് അന്വേഷണ സംഘത്തിനു വെല്ലുവിളിയായത്. സെബാസ്റ്റ്യന്റെ വീടിന്റെ പരിസരം കേന്ദ്രീകരിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനുമുമ്പും അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അന്വേഷണത്തിന്റെ
പുറകേ സഹോദരന്
2017 ലാണ് വിദേശത്തുള്ള സഹോദരന് പ്രവീണ്‍കുമാര്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കുന്നത്. സഹോദരന് നല്കിയ പരാതിയെത്തുടര്‍ന്നായിരുന്നു പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുന്നത്. അച്ഛനമ്മമാരുടെ മരണത്തിനുശേഷം വീടുമായും സഹോദരനുമായും ബന്ധമില്ലാതെ ജീവിച്ചിരുന്നതിനിടെയായിരുന്നു ബിന്ദുവിനെ കാണാതായത്.
ആദ്യമായി പരാതി നല്കാന് പോലീസ് സ്റ്റേഷനില്‍പോകുമ്പോള്‍ സെബാസ്റ്റ്യനുമായി പ്രവീണ്‍ സംസാരിച്ചിരുന്നു. എന്നാല്‍, ബിന്ദുവിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഫോണ്‍ നമ്പര്‍ പോലുമില്ലെന്നണ് സെബാസ്റ്റ്യന്‍ അന്ന് പ്രവീണിനോട് പറഞ്ഞത്. ബിന്ദുവിന്റെ പേരിലുള്ള ഇടപ്പള്ളിയിലെ സ്ഥലം വിറ്റുകിട്ടിയതിലെ 25 ലക്ഷം രൂപ ചേര്‍ത്തലയിലെ ഒരു ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും സെബാസ്റ്റ്യന്റെ പിന്നില്‍ ആരെക്കെയോ ഉണ്ടെന്നും പ്രവീണ്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
നുണപരിശോധനയും കോടതി തള്ളി
പ്രതി സെബാസ്റ്റ്യന്‍ ആണെന്ന് ഏറെക്കുറേ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചെങ്കിലും അസാമാന്യരീതിയില്‍ സെബാസ്റ്റ്യന്‍ ആര്‍ക്കും പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. അവസാനത്തെ പിടിവള്ളിയായിട്ടാണ് സെബാസ്റ്റ്യന്‍ നുണപരിശോധന നടത്തണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ അപേഷ കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ത്തല ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പക്ടര്‍ സി.ആര്. പ്രമോദാണ് നുണപരിശോധനക്ക് അനുമതിതേടികോടതിയില് അപേക്ഷ നല്‍കിയത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.