ശ്വാസം കിട്ടാതെ ഉത്തര പള്ളിയാർ; രോഗഭീതിയിൽ ആല ഗ്രാമം
1580348
Thursday, July 31, 2025 11:43 PM IST
ചെങ്ങന്നൂര്‍: ആല പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ജലജന്യ രോഗങ്ങളും മറ്റു രോഗങ്ങളും വർധിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പഞ്ചായത്തില്‍ കാന്‍സര്‍, കിഡ്നി, കരള്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉത്തര പള്ളിയാറിന്റെ മലിനീകരണമാണ് ഇതിനു പ്രധാന കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
പഠന റിപ്പോർട്ട്
വന്നിട്ടും
2006ല്‍ ആല പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലെ ഡോ. രേഖ തമ്പി നടത്തിയ പഠനത്തില്‍ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ഗുരുതരമായ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതായി കണ്ടെത്തിയിരുന്നു. ഒഴുക്കു നിലച്ചു മാലിന്യവാഹിയായ ഉത്തര പള്ളിയാറാണ് ഇതിന് കാരണമെന്നും ഈ ആറ്റില്‍നിന്നുള്ള വെള്ളം കിണറുകളിലേക്ക് എത്തുന്നതു വഴിയാണ് രോഗം പടരുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ആരുണ്ട് ഈ നദിയെ രക്ഷിക്കാൻ?
വര്‍ഷങ്ങളായി പാടശേഖരത്തില്‍ കൃഷി ഇല്ലാത്തതും ആറ്റിലെ വെള്ളം ഒഴുകാതെ കിടക്കുന്നതുമാണു കിണറുകളിലെ ജലം മലിനമാകാന്‍ കാരണമെന്ന് ആല പതിമൂന്നാം വാര്‍ഡ് മെംബര്‍ രാധാമണി പറഞ്ഞു. ഒഴുക്കു നിലച്ച ഉത്തര പള്ളിയാറിലെ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുകിപ്പോകുന്നതിനായി 2018ലെ വെള്ളപ്പൊക്കത്തോടെ നികത്തപ്പെട്ട കൈത്തോടുകള്‍ പുനര്‍നിര്‍മിക്കുകയാണെങ്കില്‍ കിണറുകളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ സാധിക്കുമെന്നും രാധാമണി അഭിപ്രായപ്പെട്ടു. ഒഴുക്കുനിലച്ച് കിടക്കന്ന നദിയില്‍ മാലിന്യം തള്ളുന്നതുമൂലം ശുദ്ധജലത്തിനായി ജനം വലുകയാണ്. ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നവരെ കണ്ടെത്തി നിയമത്തിനു മുന്പില് കൊണ്ടുവരണമെന്ന് നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
നദിയുടെ നിലനില്പ് തര്‍ക്കത്തില്‍
വെണ്‍മണിയില്‍നിന്ന് ഉത്ഭവിച്ച് ആലാ, ചെറിയനാട്, പുലിയൂര് പഞ്ചായത്തുകളിലൂടെ ഒഴുകി പാണ്ടനാട് ഇല്ലിമലയില്‍ അവസാനിക്കുന്ന, 18 കിലോമീറ്റര്‍ ദൂരമുള്ള നദിയുടെ 10 കി.മീ. കൈത്തോടിന്റെ രൂപത്തിലാണ്. പുലിയൂര്, ചെറിയനാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കുളിക്കാംപാലത്തില് ആറ് അവസാനിക്കുകയാണെന്നാണു റവന്യുവകുപ്പിന്റെ രേഖകളില്‍ പറയുന്നത്.
എന്നാല്‍, തുടര്‍ന്നും ആറ് ഉണ്ടെന്നാണ് നദീസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ വാദം. ആറ് മുന്‍പ് ഒഴുകിയിരുന്നെന്നു പറയുന്ന സ്ഥലങ്ങളെല്ലാം പട്ടയഭൂമിയായിട്ടാണ് കാണിക്കുന്നതെന്നാണ് റവന്യൂ വകുപ്പിന്റെ വാദം. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് കളക്ടറുടെ നേതൃത്വത്തില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു. ഈ വിഷയത്തില്‍ അധികൃതരുടെ അടിയന്തര ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.