ചെങ്ങന്നൂരിൽനിന്നു വരട്ടെ സിവിൽ സർവീസുകാർ
1579817
Tuesday, July 29, 2025 11:45 PM IST
ചെങ്ങന്നൂര്‍: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ചെങ്ങന്നൂര്‍ സിവില്‍ സര്‍വീസ് അക്കാദമി എന്ന സ്വപ്നം പൂവണിയുന്നു. നിലവില്‍ പെയിന്റിംഗ് ജോലികളാണ് പുരോഗമിക്കുന്നത്. ചുറ്റുമതില്‍ നിര്‍മാണവും പരിസരം നിരപ്പാക്കലും പൂര്‍ത്തിയാവുന്നതോടെ ഫര്‍ണിച്ചറുകള്‍ സ്ഥാപിച്ച് അക്കാദമി സജ്ജമാകും. ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലാണ് പ്രവർത്തനം.
11 വർഷത്തിനുശേഷം
അങ്ങാടിക്കല്‍ തെക്ക് ഗവ. എച്ച്എസ്എസ് വളപ്പില്‍ 2014ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് തറക്കല്ലിട്ടത്. മുന്‍ എംഎല്‍എ പി.സി. വിഷ്ണുനാഥിന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒന്നരക്കോടി രൂപ ഇതിനായി വകയിരുത്തിയിരുന്നു. 6,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിടനിര്‍മാണം തുടങ്ങിയെങ്കിലും വിവിധ കാരണങ്ങളാല്‍ പലതവണ നിലച്ചു.
നിര്‍മാണം ആരംഭിച്ച് 11 വര്‍ഷം പിന്നിട്ട ശേഷമാണ് പൂർത്തിയാകുന്നത്.
പിന്നീട് മന്ത്രി സജി ചെറിയാന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് മൂന്നു ഘട്ടങ്ങളിലായി 90 ലക്ഷം രൂപ കൂടി കേന്ദ്രത്തിനായി അനുവദിച്ചു. ഹാബിറ്റാറ്റിനാണ് നിര്‍മാണച്ചുമതല.
പുതിയ കെട്ടിടം പ്രവര്‍ത്തനക്ഷമമാകുന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഡെവലപ്മെന്റ് കോഴ്സും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി ഫൗണ്ടേഷന് കോഴ്സും അങ്ങാടിക്കല്‍ തെക്ക് ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തില്‍ നടക്കുന്നുണ്ട്.
പുതിയ കോഴ്സുകള്‍ തുടങ്ങാനുള്ള സാധ്യതകൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
വെർച്വൽ ക്ലാസ് അടക്കം
ചെങ്ങന്നൂരിലെ സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉപകേന്ദ്രം ഉടന്‍ ഉദ്ഘാടനം ചെയ്യും. സ്വന്തം കെട്ടിടം പ്രവര്‍ത്തനക്ഷമമാകുന്നതോടെ വെര്‍ച്വല്‍ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാകും. ബിരുദ വിദ്യാര്‍ഥികള്‍ക്കായുള്ള ത്രിവത്സര കോഴ്സും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോഴ്സും ഇവിടെ തുടങ്ങുമെന്നാണ് പ്രതീക്ഷ. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രിക്കു കത്തു നല്‍കിയിട്ടുണ്ട്.
മന്ത്രി സജി ചെറിയാന്
കൂടുതൽ അവസരം
ചെങ്ങന്നൂരില്‍ സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉപകേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ മധ്യതിരുവിതാംകൂറിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കു സിവില്‍ സര്‍വീസ് പരിശീലനത്തിന് അവസരം ലഭിക്കും. മറ്റ് സ്ഥലങ്ങളില്‍ പോയി പഠിക്കേണ്ട ആവശ്യം ഒഴിവാകും. മധ്യതിരുവിതാംകൂറിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാകും.
മാത്യു കോശി (സിവില്‍ സര്‍വീസ് പരിശീലകന്)