വി ഗാർഡ് -സഹൃദയ 3ഡി പ്രിന്റിംഗ് പരിശീലനത്തിനു തുടക്കം
1579810
Tuesday, July 29, 2025 11:45 PM IST
തുറവൂർ: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, ന്യൂറോ ഡൈവർജന്റായ വ്യക്തികൾക്ക് ഐടി പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്ന ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 3ഡി പ്രിന്റിംഗ് പരിശീലനത്തിനു തുടക്കമായി. തുറവൂർ സാൻജോ സദൻ, ഇൻക്ലൂസിസ് ഐടി സ്കില്ലിംഗ് സെന്ററിൽ സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദലീമ ജോജോ എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കെ- ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി മുഖ്യപ്രഭാഷണം നടത്തി. തുറവൂർ പഞ്ചായത്തംഗം ശശികല കെ.എസ്, മദർ സുപ്പീരിയർ സിസ്റ്റർ റോസ് മേരി, സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ് ജോർജ്, സിസ്റ്റർ സ്റ്റാർലി, പിടിഎ പ്രസിഡന്റ് അനു ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.