സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പരിശോധിക്കാതെ; കുത്തിയിരിപ്പ് സമരവുമായി രക്ഷിതാവും മക്കളും
1580149
Thursday, July 31, 2025 6:14 AM IST
എടത്വ: വര്‍ഷങ്ങള്‍ പഴക്കമുള്ള സ്കൂള്‍ കെട്ടിടം പരിശോധിക്കാതെ അധികൃതര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് സ്കൂളിന് മുന്പില് രക്ഷിതാവിന്റെയും മക്കളുടെയും കുത്തിയിരിപ്പ് സമരം. ഞങ്ങളുടെ ജീവന് വിലയില്ലേ അധികാരികളേ എന്ന ബോര്‍ഡുമായാണ് കുട്ടികള്‍ സമരത്തില്‍ പങ്കെടുത്തത്. കോഴിമുക്ക് ഗവ. എല്‍പി സ്കൂളിലെ നിലംപൊത്താറായ ഓടുമേഞ്ഞ കെട്ടിടത്തിനെതിരേയാണ് രക്ഷിതാവിന്റെയും മക്കളുടെയും പ്രതിഷേധ സമരം അരങ്ങേറിയത്.
അധികാരികള്‍ പരിശോധിക്കാതെ തന്നെ അധ്യയന വര്‍ഷാരംഭത്തില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് രക്ഷിതാവും സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റുമായ കോഴിമുക്ക് കിഴക്കേപ്പറമ്പില്‍ റെജിമോന് പരാതിപ്പെടുന്നത്. കാലപ്പഴക്കത്താല്‍ ഓടുമേഞ്ഞ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണിരുന്നു. അടർന്നുവീണ ഭാഗത്തെ ഓടുകള്‍ പൊട്ടിയകന്ന നിലയിലാണ്.
സീലിംഗ് അടര്‍ന്ന ഭാഗത്തെ ഓടുകള്‍ മാത്രമാണ് കാണുന്നത്. ബാക്കി ഭാഗങ്ങള്‍ ഇതിലും ദയനീയമാണെന്നും രക്ഷിതാവ് പറയുന്നു. അര നൂറ്റാണ്ടിന് മുന്‍പാണ് കെട്ടിടം സ്ഥാപിച്ചത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ കെട്ടിടത്തിന്റെ ഓട് പൊളിച്ച് മാറ്റിയിടുന്നത് പതിവാണ്. എന്നാല്‍ ഈ സ്കൂളിന്റെ ഓട് 11 വര്‍ഷം മുന്‍പാണ് മാറ്റിയതെന്ന് റെജിമോന് ചൂണ്ടിക്കാട്ടുന്നു.
കാലപ്പഴക്കത്താല്‍ കെട്ടിടത്തിന്റെ പട്ടികയും ജീര്‍ണിച്ച അവസ്ഥയിലാണ്. 2022ല്‍ 60 ലക്ഷം രൂപ മുടക്കി രണ്ടു മുറിയുള്ള കെട്ടിടം പണിതെങ്കിലും ഇതിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. രണ്ട് ക്ലാസ് റൂം തുടങ്ങാനാണ് കെട്ടിടം നിര്‍മിച്ചത്. ഇപ്പോള്‍ ഇതില്‍ ഒരെണ്ണം ഓഫീസ് ആവശ്യത്തിനായി മാറ്റുകയും അടുത്ത മുറിയില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാനുമാണ് നീക്കം നടക്കുന്നത്. യുകെജി മുതല്‍ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളെ ഒറ്റ റൂമില്‍ ഇരുത്തി എങ്ങനെ ക്ലാസ് എടുക്കുമെന്നാണ് രക്ഷിതാവ് ചോദിക്കുന്നത്.
പുതിയ കെട്ടിടത്തിന് കൈവരി കെട്ടാന്‍ പിഡബ്ല്യുഡി 2.80 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. കൂടാതെ പിഞ്ചുകുട്ടികള്‍ സ്കൂളില്‍ എത്തണമെങ്കില്‍ മുട്ടോളം വെള്ളത്തില്‍ നീന്തണം. സ്കൂള്‍ റോഡ് നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് പഞ്ചായത്ത് പറയാന്‍ തുടങ്ങിയിട്ട് നാളുകളായി. ഭരണസമിതിയുടെ കാലാവധി തീരാന്‍ ആഴ്ചകള്‍ മാത്രം നിലനില്‍ക്കേ റോഡ് നിര്‍മാണത്തില്‍ യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ലെന്നും റെജിമോന് പറയുന്നു.
അതേസമയം, രക്ഷിതാവിന്റെയും കുട്ടികളുടെയും കുത്തിയിരിപ്പ് സമരത്തിന്റെ വാര്‍ത്ത എടുക്കാന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എഇഒയുടെ നിര്‍ദേശമുണ്ടെന്നും അതിനാല്‍ മാധ്യമങ്ങളെ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും പ്രധാനാധ്യാപിക അറിയിച്ചു.