വായ്മൂടിക്കെട്ടി മാവേലിക്കര രൂപതയുടെ പ്രതിഷേധം
1580350
Thursday, July 31, 2025 11:43 PM IST
കറ്റാനം: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീമാരെ അന്യായമായി കള്ളക്കേസിൽ ഉൾപ്പെടുത്തി തുറങ്കിലടച്ച നടപടിക്കെതിരെ മലങ്കര സുറിയാനി കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. കറ്റാനത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിൽ നൂറ് കണക്കിന് വിശ്വാസികളും വൈദികരും കന്യാസ്ത്രീകളും പങ്കെടുത്തു.
എംസിഎ, എംസിഎംഎഫ്, എംസിവൈഎം എന്നീ ഭക്തസംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചത്. ഇന്നലെ വൈകുന്നേരം കറ്റാനം സെന്റ് സ്റ്റീഫൻ മലങ്കര കത്തോലിക്ക ദേവാലയത്തിൽ നിന്നാരംഭിച്ച പ്രതിഷേധറാലി നഗരം ചുറ്റി തിരികെ ദേവാലയത്തിൽ എത്തിച്ചേർന്നു. ദേവാലയ കുരിശടിക്ക് സമീപം പ്രതിഷേധ യോഗവും നടന്നു. മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് ഉദ്ഘാടനം ചെയ്തു. ഫാ. ജോബ് കല്ലുവിളയിൽ അധ്യക്ഷത വഹിച്ചു.
എംസിവൈഎം പത്തനംതിട്ട രൂപത ഡയറക്ടർ ഫാ. സ്കോട്ട് സ്ലീബ മുഖ്യപ്രഭാഷണം നടത്തി. കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഡാനിയേൽ സക്കറിയ കോർ എപ്പിസ്കോപ്പ, അഡ്വ. അനിൽ ബാബു, റോഷൻ വർഗീസ്, ജി.ജോബിൻ, ജി. മേഴ്സി ജെയിൻ, മഞ്ജു യോഹന്നാൻ, വില്യംസ് മത്തായി എന്നിവർ പ്രസംഗിച്ചു.