കന്യാസ്ത്രീകളുടെ അറസ്റ്റ്: നാടെങ്ങും വ്യാപക പ്രതിഷേധം
1580556
Friday, August 1, 2025 11:21 PM IST
എടത്വ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ കൂട്ടായ്മ
എടത്വ: അശരണരും പാവപ്പെട്ടവരുമായ ആളുകളുടെ ഉന്നമനത്തിനായി, നിര്‍ധനരായ കുഞ്ഞുങ്ങളുടെ പഠനത്തിനായി, ആരോരുമില്ലാത്ത രോഗികളുടെ പരിചരണത്തിനായി ജീവിതം സമര്‍പ്പിച്ച രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച നടപടി പ്രതിഷേധാര്‍ഹവും അപലനീയവുമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിനുതന്നെ തീരാക്കളങ്കവും, മൗലീകാവകാശത്തിന്റെ നഗ്നമായ ലംഘനവുമാണ്. നിസ്വാര്‍ഥമായി സേവനം ചെയ്യുന്ന നിരപരാധികളായ കന്യാസ്ത്രീകള്‍ക്കെതിരേയുള്ള ഈ അറസ്റ്റ്. അര്‍ഹതപ്പെട്ട ജാമ്യം നിഷേധിക്കുകവഴി എല്ലാ പൗരന്മാര്ക്കും ലഭ്യമാകേണ്ട നീതിവാഴ്ച വീഴ്ചയിലേക്ക് കൂപ്പുകുത്തുകയാണുണ്ടായത്.
ജാതി-മത ഭേദമെന്യേ എല്ലാവര്ക്കും നിയമപരിരക്ഷ നല്‍കുകയും നിരപരാധികളെ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഉത്തരവാദിത്വബോധമുള്ള സര്‍ക്കാരിന്റെ ചുമതലയാണ്. കന്യാസ്ത്രീകള്‍ക്ക് നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കി എത്രയും വേഗം അവരെ സ്വതന്ത്രരാക്കുകയും ന്യായം നടപ്പിലാക്കുകയും വേണം.
ഇത് മതത്തിനുവേണ്ടിയുള്ള പ്രതികരണമല്ല മനുഷ്യനു വേണ്ടിയുള്ളതാണ്. നീതിനിഷേധിത പ്രവര്‍ത്തിക്കെതിരേ എടത്വ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ കൂട്ടായ്മയുടെ രക്ഷാധികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, പ്രസിഡന്റ് ഫാ. ബിജി ഗീവര്‍ഗീസ്, വിവിധ പള്ളികളിലെ വികാരിമാരായ റവ. ജോസഫ് കെ. ജോര്‍ജ്, റവ. മാത്യു പി. ജോര്‍ജ്, ഫാ. ജേക്കബ് തോമസ് മുണ്ടിയത്ര, ഫാ. ലിജു പി. ചെറിയാന്, ഫാ. ഏബ്രഹാം പരിയാരത്ത് എന്നിവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
വിദ്യാര്‍ഥികള്‍
പ്രതിഷേധിച്ചു
മങ്കൊമ്പ്: ഭരണഘടനാ അവകാശങ്ങൾക്കു വിരുദ്ധമായി ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ച് പുളിങ്കുന്ന് ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വിദ്യാര്‍ഥി സംഘടനയായ കെസിഎസ്എല്ലിന്റെ ആഭിമുഖ്യത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ ചടങ്ങിൽ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന സഹവികാരി ഫാ. റ്റിബിൻ ഒറ്റാറയ്ക്കൽ, സ്കൂൾ മാനേജർ സിസ്റ്റർ ജോളി തെരേസ്, ഹെഡ്മിസ്ട്രസ് ആശാ സെബാസ്റ്റ്യൻ, അനിമേറ്റർ സിസ്റ്റർ എലിസബത്ത് മരിയ, കെസിഎസ്എൽ ലീഡർ ഡാനിയ പി. ഷാജി എന്നിവർ പ്രസംഗിച്ചു.