അക്ഷരപ്പുരയുടെ ചുവരുകളിൽ വിശ്വസാഹിത്യകാരന്മാരുടെ പുസ്തകങ്ങളുടെ പുറംചട്ടയും
1580567
Saturday, August 2, 2025 12:03 AM IST
അന്പലപ്പുഴ: അക്ഷരപ്പുരയുടെ ചുവരുകളിൽ വിശ്വസാഹിത്യകാരന്മാരുടെ പുസ്തകങ്ങളുടെ പുറംചട്ടയും ഇവരുടെ ഫോട്ടോകളും വരച്ച് പുതുതലമുറയ്ക്ക് വെളിച്ചം പകരുകയാണ് ഗോപീന്ദ്രൻ. പുന്നപ്ര ചള്ളി വിജ്ഞാന പ്രദായിനി വായനശാലയ്ക്കു മുന്നിലെത്തുന്ന ആരും ആദ്യം ഒന്നു പകച്ചുപോകും. മൺമറഞ്ഞതും ജീവിക്കുന്നതുമായ മഹാന്മാരുടെ പുസ്തകങ്ങൾ ഭിത്തിയിൽ നിരത്തിവച്ചിരിക്കുന്നതുപോലെ തോന്നും.
അത്രയ്ക്കു മികവാണ് ഗോപീന്ദ്രന്റെ വിരൽത്തുമ്പിൽ പെയിന്റിൽ തീർത്ത വരയ്ക്കുള്ളത്. വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, തകഴി, മാധവിക്കുട്ടി, ആട് ജീവിതം എഴുതിയ ബെന്യാമിൻ അങ്ങനെ നിരവധിപ്പേരാണ് ചുവരിൽ ജീവനുള്ള ചിത്രങ്ങളായത്.
പുന്നപ്ര ദൈവപുരയ്ക്കൽ ഡി. ഗോപീന്ദ്രൻ "ഗോതര' എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. ഈ പേരിലും ഒരു കൗതുകമുണ്ട്. ആദ്യകാല സുഹ്യത്തുക്കളായ കെ.ആർ. തങ്കജി, രംഗനാഥ്, ഗോപീന്ദ്രൻ ഇവർ മൂന്നുപേരും ചേർന്നാണ് വരയും വായനയുമൊക്കെ നടത്തിയിരുന്നത്. ഈ മൂവർസംഘത്തിന്റെ പേരിലെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ഗോതരയുണ്ടായത്.
പിന്നീട് തങ്കജിക്കു സർക്കാർ ജോലി കിട്ടി. രംഗനാഥ് മറ്റു മേഖലയിലേക്ക് തിരിഞ്ഞു. എന്നാൽ തനിക്ക് വരദാനമായി ലഭിച്ച ചിത്രരചനയും പെയിന്റിംഗും ഗോപീന്ദ്രൻ തൊഴിലായി സ്വീകരിക്കുകയായിരുന്നു. ആർട്ടിസ്റ്റ് ഡിപ്ലോമ നേടിയിട്ടുള്ള ഇദ്ദേഹം നീണ്ട ദിവസത്തെ അധ്വാനത്തിന്റെ ശ്രമഫലമായി മുപ്പതോളം പുസ്തകങ്ങളുടെ പുറംചട്ടയാണ് വിജ്ഞാനപ്രദായിനി വായനശാലയുടെ ചുവരുകളിൽ വരച്ചുതീർത്തത്.
എല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. തീരദേശത്തെ കുട്ടികൾ പഠിക്കുന്ന ബീച്ച് എൽപിസ്കൂളിനോടു ചേർന്ന് പ്രവർത്തിക്കുന്ന വായനശാലയായതിനാൽ കുട്ടികൾക്കും മൺമറഞ്ഞ ഇതിഹാസ കഥാകാരന്മാരെ തിരിച്ചറിയാൻ ഗോപീന്ദ്രന്റെ നിറച്ചാർത്ത് ഉപകരിക്കും. വായനശാലാ ഭാരവാഹികളായ ആർ. അമൃത രാജിന്റെയും ശ്യാം എസ്. കാര്യതിയുടെയും മുൻ ലൈബ്രറി പ്രസിഡന്റ് കെ.ആർ. തങ്കജിയുടെയും പിന്തുണയും ചിത്രരചനയ്ക്കു പ്രോത്സാഹനമായതായി ഗോപീന്ദ്രൻ പറഞ്ഞു.