ഒടുവിൽ കോഴിമുക്ക് സ്കൂൾ പുതിയ കെട്ടിടത്തിൽ
1580571
Saturday, August 2, 2025 12:03 AM IST
പുതിയ കെട്ടിടം
വെറുതെ കിടന്നത്
മൂന്നു വർഷം
എടത്വ: രക്ഷിതാക്കളുടെ പ്രതിഷേധത്തിനൊടുവിൽ, ഫിറ്റ്നസ് നഷ്ടപ്പട്ട പഴയ കെട്ടിടത്തില്‍നിന്നു കോഴിമുക്ക് ഗവ. എല്‍പി സ്കൂളിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തില്‍ ആരംഭിച്ചു. പൊട്ടിപൊളിഞ്ഞ പഴയ സ്കൂള്‍ കെട്ടിടത്തില്‍ ക്ലാസ് നടത്തുന്നതിനെതിരെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചതോടെ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, എടത്വ പോലീസ്, പൊതു പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത ചര്‍ച്ചയിലാണ് പുതിയ കെട്ടിടത്തിനു ഫിറ്റ്നസ് താല്കാലികമായി നല്കി ക്ലാസ് ആരംഭിച്ചത്.
ഒരു കൈവരിയുടെ പേരിൽ
2022ല്‍ പണികഴിപ്പിച്ച പുതിയ സ്കൂള്‍ കെട്ടിടം കൈവരി സ്ഥാപിക്കാത്തതിന്റെ പേരിലാണ് ഫിറ്റ്നസ് നല്‍കാതിരുന്നത്. 2018ലെ പ്രളയം അതിജീവിക്കുന്ന തരത്തില്‍ കെട്ടിടം ഉയര്‍ത്തിയപ്പോള്‍ വരാന്തയില്‍നിന്നു കുട്ടികള്‍ വീണ് അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ പ്രവര്‍ത്തന അനുമതി നിഷേധിച്ചത്. നിര്‍മാണം കഴിഞ്ഞ് മൂന്നു വര്‍ഷം എത്തിയിട്ടും വരാന്തയ്ക്കു ചുറ്റും കൈവരി സ്ഥാപിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല.
സ്ഥിരം കൈവരി വേണം
2.80 ലക്ഷം രൂപ കൈവരി നിര്‍മാണത്തിനു പിഡബ്ല്യുഡി അനുവദിച്ചെങ്കിലും നിര്‍മാണം ആരംഭിച്ചിരുന്നില്ല. രക്ഷിതാക്കളുടെ പ്രതിഷേധത്തെത്തുടർന്നു നടന്ന ചര്‍ച്ചയിലാണ് സ്കൂള്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത്. കൈവരി താല്കാലികമായി സ്ഥാപിക്കാമെന്നും പഞ്ചായത്ത് ഉറപ്പ് നല്കി. സ്കൂള്‍ വരാന്തയ്ക്കു ചുറ്റും ഗാർഡൻ നെറ്റ് ഉപയോഗിച്ചു മറച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
എന്നാൽ, നാലാം ക്ലാസ് വരെയുള്ള കൊച്ചു കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ താത്കാലിക നടപടി പര്യാപ്തമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് സ്ഥിരം കൈവരി നിര്‍മിക്കണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.