അല്‍ഫോന്‍സാ തീര്‍ഥാടനം നാളെ
1580346
Thursday, July 31, 2025 11:43 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിലേക്കുമുള്ള 37-ാമത് അല്‍ഫോന്‍സാ തീര്‍ഥാടനം നാളെ നടക്കും.
നാളെ രാവിലെ 5.30ന് അതിരമ്പുഴ, വെട്ടിമുകള്‍, ചെറുവാണ്ടൂര്‍, കോട്ടയ്ക്കപ്പുറം എന്നീ സ്ഥലങ്ങളില്‍നിന്ന് അതിരമ്പുഴ മേഖലയുടെ തീര്‍ഥാടനവും രാവിലെ 5.45ന് പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍നിന്ന് ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീര്‍ഥാടനവും ആരംഭിക്കും. കുടമാളൂര്‍ മേഖലയിലെ വിവിധ ശാഖകളില്‍നിന്നുള്ള തീര്‍ഥാടകര്‍ 6.45ന് പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പലില്‍ എത്തും.
കോട്ടയം സിഎംഎസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് രാവിലെ 8.45ന് കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂര്‍ മേഖലകളുടെ തീര്‍ഥാടനങ്ങളും 10.30ന് കുറുമ്പനാടം മേഖലയുടെ തീര്‍ഥാടനവും ആരംഭിക്കും. 33 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കുന്ന ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീര്‍ഥാടനം ഉച്ചകഴിഞ്ഞ് രണ്ടിന് അല്‍ഫോന്‍സാ ജന്മഗൃഹത്തില്‍ എത്തിച്ചേരും.
ആലപ്പുഴ, എടത്വാ, പുളിങ്കുന്ന്, ചമ്പക്കുളം, മുഹമ്മ മേഖലകളിലെ തീര്‍ഥാടകര്‍ വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം ആശ്രമദേവാലയത്തില് അന്നേദിവസം രാവിലെ 9.45ന് എത്തിച്ചേര്‍ന്ന് മധ്യസ്ഥപ്രാര്‍ഥനയില്‍ പങ്കെടുക്കും. തുടര്‍ന്ന് തീര്‍ഥാടകര്‍ കുടമാളൂരിലേക്ക് പദയാത്രയായി നീങ്ങും. അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂര്‍ മേഖലകളില്‍ നിന്നുള്ള തീര്‍ഥാടകരും വിവിധ സമയങ്ങളില്‍ എത്തിച്ചേരും.
തീര്‍ഥാടകര്‍ക്കുള്ള നേര്‍ച്ചഭക്ഷണം കുടമാളൂര്‍ ഫൊറോന പള്ളിയില്‍ രാവില ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെയും വിവിധ സ്ഥലങ്ങളില്‍ വാഹന പാര്‍ക്കിംഗും ക്രമീകരിച്ചിട്ടുണ്ട്. വിവിധ ഫൊറോനകളില്‍നിന്നായി മിഷന്‍ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കാല്‍ലക്ഷത്തിലധികം വിശ്വാസികള്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കും.