തകഴി റെയില്‍വേ മേല്‍പ്പാലത്തിന് പ്രാരംഭ നടപടി: മണ്ണുപരിശോധന ആരംഭിച്ചു
1580342
Thursday, July 31, 2025 11:43 PM IST
എടത്വ: നിരന്തര പരാതിയുടെയും സമ്മര്‍ദത്തിന്റെയും ഫലമായി തകഴി റെയില്‍വേ മേല്‍പ്പാലത്തിനുള്ള മണ്ണുപരിശോധന ആരംഭിച്ചു. തകഴി ലെവല്‍ ക്രോസില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്നുള്ള ദീര്‍ഘകാല ആവശ്യത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണ്ണുപരിശോധിച്ചു.
തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കല്‍ നടപടിയിലേക്കു കടക്കും. സംസ്ഥാന സര്‍ക്കാരിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പാലത്തിന്റെ നിര്‍മാണം ആരംഭിക്കാനാണ് തീരുമാനം. മേല്‍പ്പാലം വരുന്നതോടെ തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ ഗതാഗത ക്കുരുക്കിന് ശാശ്വതപരിഹാരമാകും. ലെവല്‍ക്രോസ് മുക്ത കേരളം പദ്ധതിയിലൂടെ തകഴിയില്‍ മേല്‍പ്പാലം വേണമെന്നാവശ്യം ശക്തമായിരുന്നു.
തകഴിയില്‍ മേല്‍പ്പാലം നിര്‍മിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസനസമിതിയുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. ഇതേത്തു ടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം വി.കെ. ബീനാകുമാരി സ്ഥലം സന്ദര്‍ശിക്കുകയും സ്ഥിതിഗതി ബോധ്യപ്പെടുകയും ചെയ്തു.
കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍നിന്നു പ്രതിദിനം നൂറ്റമ്പതിലധികം ബസുകള്‍ രാവിലെ 5.30 മുതല്‍ ട്രിപ്പുകള്‍ നടത്തുന്നുണ്ട്. റെയില്‍വേ അറ്റകുറ്റപ്പണി മൂലം ഗേറ്റ് പല ദിവസങ്ങളിലും അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അടിയന്തര ഘട്ടത്തില്‍ രോഗികളെ എത്തിക്കാന്‍ പോലും കഴിയാതെ ജീവനു ഭീഷണിയാകുന്നുണ്ട്.
തകഴിയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകരുടെ വാഹനവും ഈ റൂട്ടിലൂടെ കടന്നുപോകണം. റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതോടെ അഗ്നിരക്ഷാ വാഹനങ്ങളും ആംബുലന്‍സും കുരുക്കില്‍ പെടുന്നത് പതിവുകാഴ്ചയാണ്.
പൊതുജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കാന്‍ അടിയന്തരമായി മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.