ശവപ്പെട്ടിസമരം ഫലം കണ്ടു ; താത്കാലിക പോര്‍ട്ടബിള്‍ ശ്മശാനത്തിന് പച്ചക്കൊടി
1580344
Thursday, July 31, 2025 11:43 PM IST
മാവേലിക്കര: ശ്മശാനം സംബന്ധിച്ച മാവേലിക്കരയിലെ ഭൂരഹിതരുടെ ആശങ്കയ്ക്ക് ആശ്വാസമാകുന്നു. മാവേലിക്കര നഗരസഭാ കൗണ്‍സില്‍ പോര്‍ട്ടബിള്‍ ഫര്‍ണസ് കരാര്‍ നല്കി പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമായി. 29ന് ഉച്ചയ്ക്ക് മൂന്നിന് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന്റെ തീരുമാനം സപ്ലിമെന്ററി നിര്‍ദേശമായാണ് കൗണ്‍സിലില്‍ എത്തിയത്.
നിര്‍ദേശം വന്നപാടെ കൗണ്‍സില്‍ ഒന്നാകെ അതിനെ പിന്തുണയ്ക്കുകയായിരുന്നു. നിലവില്‍ ഫര്‍ണസ് ഉപയോഗിച്ച് ശവസംസ്കാരം നടത്തുന്നവരില്‍നിന്ന് താത്പര്യപത്രം വാങ്ങി അതില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് കരാര്‍ നല്‍കാനാണ് തീരുമാനം. 15 ദിവസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.
ഇതു കൂടാതെ ചിതാഭസ്മം സംരക്ഷിക്കുന്നതിനുള്ള നടപടിയും കൈക്കൊള്ളാനും നിര്‍ദേശമുണ്ടായി. കഴിഞ്ഞദിവസം സാമൂഹിക പ്രവര്‍ത്തകനും നഗരവാസിയുമായ യു.ആര്. മനു പോര്‍ട്ടബിള്‍ ഫര്‍ണസ് സ്ഥാപിച്ച് ശ്മശാനത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ശവപ്പെട്ടിയില്‍ കിടന്ന് ഏകദിന നിരാഹാരസമരം നടത്തിയിരുന്നു.
എന്നാല്‍, നഗരസഭ വാതക ശ്മശാനം പിഡബ്ല്യുഡി മെക്കാ നിക്കല്‍ വിഭാഗം ഇന്നലെ വന്ന് പരിശോധിച്ചിരുന്നു. വാര്‍ഷിക പദ്ധതികളുടെ ഭാഗമായി ഡിപിസി മേയ് അവസാനം പദ്ധതിക്കായി പത്തുലക്ഷം രൂപ അനുവദിക്കുകയും അതിന് ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അനുവദിച്ച തുക പര്യാപ്തമല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്.
വാതക ശ്മശാനം പ്രവര്‍ത്തന സജ്ജമാകണമെങ്കില്‍ ഇനിയും തുക വകയിരുത്തേണ്ടിവരും. നിലവില്‍ 2016ല്‍ 3,20,000 രൂപ ശ്മശാനം പ്രവര്‍ത്തന സജ്ജമാക്കാന്‍ ചെലവഴിച്ചിരുന്നു. ഇത് ഓഡിറ്റ് ഒബ്ജക്ഷന് ആവുകയും വാതക ശ്മശാനത്തിന് വിലങ്ങുതടിയായിരിക്കുകയുമാണ്. നിലവില്‍ വിഷയവുമായി ബന്ധപ്പെട്ട് കോറം, എന്‍എസ്എസ് 78-ാം നമ്പര്‍ കരയോഗം എന്നിവരും നഗരസഭയ്ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു.