കരുണയുടെ മുഖത്തെ അധര്‍മംകൊണ്ട് നേരിടരുത്: മോണ്‍. ആന്റണി എത്തയ്ക്കാട്ട്
1579814
Tuesday, July 29, 2025 11:45 PM IST
കോട്ടയം: ഛത്തീസ്ഗഡില്‍ മിഷനറി പ്രവര്‍ത്തനരംഗത്ത് സജീവമായി നിലകൊള്ളുന്ന സന്യസ്തരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പോലീസ് നടപടി ഹീനവും കരുണയുടെ മുഖത്തെ അധര്‍മംകൊണ്ട് വികൃതമാക്കുന്നതിനു തുല്യവുമാണെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി കോട്ടയം ഗാന്ധി സ്ക്വയറില്‍ നടത്തിയ സായാഹ്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീട്ടില്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സംഗമത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധ റാലി യുവദീപ്തി എസ്എംവൈഎം ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക് നടുവിലേഴം, ട്രഷറര്‍ ജോസ് ജോണ്‍ വെങ്ങാന്തറ, കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, കത്തോലിക്ക കോണ്‍ഗ്രസ് കോട്ടയം ഫൊറോന ഡയറക്ടര്‍ ഫാ. റ്റോം കുന്നുംപുറം, ഫാ. തോമസ് കുത്തുകല്ലുങ്കല്‍, ഫാ. ആന്റണി കിഴക്കേവീട്ടില്‍, ഫാ. സുനില്‍ ആന്റണി, ഫാ. റ്റോജോ പുളിക്കപ്പടവില്‍, സിസ്റ്റര്‍ ഫ്ലവറിറ്റ് എസ്എബിഎസ്, കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, റോസിലിന് കുരുവിള, രാജേഷ് ജോണ്‍, റ്റോമിച്ചന്‍ അയ്യരുകുളങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു.