മുട്ടം ഫൊറോന പള്ളിയിൽ തിരുനാൾ ആഘോഷിച്ചു
1580144
Thursday, July 31, 2025 6:14 AM IST
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു.
തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സച്ചിൻ മാമ്പുഴക്കൽ മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ അൽഫോൻസ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഫൊറോന വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബോബൻ മാത്യു തീനാലിൽ അധ്യക്ഷത വഹിച്ചു.
ഫാ. ജോസ് പാലത്തിങ്കൽ, ഫാ. വിനു മുളവരിക്കൽ, ഫാ. ഐസക് ചക്കാലപറമ്പിൽ, സിസ്റ്റർ സീന, ആലീസ് ഐസക്, സിന്റു ഷൈജു എന്നിവർ പ്രസംഗിച്ചു.
പോച്ച സെന്റ് അല്‍ഫോന്‍സ കപ്പേളയില്‍ തിരുനാള്‍
എടത്വ: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മാറ്റിവച്ച മരിയാപുരം പോച്ച അല്‍ഫോന്‍സാപുരം സെന്റ് അല്‍ഫോന്‍സ കപ്പേളയിലെ തിരുനാള്‍ ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ നടക്കും.
രണ്ടിനു വൈകുന്നേരം അഞ്ചിന് നടക്കുന്ന കൊടിയേറ്റിന് എടത്വ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ മുഖ്യകാര്‍മികത്വം വഹിക്കും. 5.15ന് മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, വചനസന്ദേശം - ഫാ. ജോസി മഞ്ചേരിക്കളം.
തിരുനാള്‍ ദിനമായ മൂന്നിന് വൈകുന്നേരം 4.30ന് മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, വചന സന്ദേശം - ഫാ. മാത്യു നടയ്ക്കല്‍. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. അല്‍ഫോന്‍സാ ചാപ്പലില്‍നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം എംപി പാലം വരെ പോയി തിരികെ ചാപ്പലില്‍ എത്തിച്ചേരും. ഫാ. ജോസഫ് ചൂളപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന്.
പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. അജോ പീടിയേക്കല്‍, ജനറല്‍ കണ്‍വീനര്‍ ആന്റണി സ്കറിയ പുന്നപ്ര, ജനറൽ സെക്രട്ടറി വിനോദ് മാത്യു മുണ്ടകത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പള്ളിപ്പുറം പള്ളി തിരുനാളിന് നാളെ തുടക്കം
ചേര്‍ത്തല: ചരിത്രപ്രസിദ്ധ മരിയൻ-ചാവറ തീർഥാടന കേന്ദ്രമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ കൊംബ്രേരിയ തിരുനാള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ 22 വരെ ആഘോഷിക്കും. 11ന് തിരുനാള്‍ കൊടിയേറ്റം. പ്രധാന തിരുനാള്‍ദിനം 15 നും എട്ടാമിടം തിരുനാള്‍ 22നും ആഘോഷിക്കും.
തിരുനാളിന് ഒരുക്കമായുള്ള നൊവേന ഒന്നുമുതല്‍ ആരംഭിക്കും. നൊവേന ദിവസങ്ങളില്‍ രാവിലെ ആറിനും ഏഴിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിനു ജപമാല, ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്, നൊവേന, വാഴ്വ്. 10ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അനുസ്മരണം. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ വൈദിക വിദ്യാർഥിയായിരുന്നതും വികാരിയായിരുന്നതും പള്ളിപ്പുറം പള്ളിയിലാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഒറ്റക്കല്ലിൽ തീർത്ത മാമോദീസാത്തൊട്ടി, കിണർ എന്നിവ ഇവിടെ വിശ്വാസികള്‍ക്ക് ദര്‍ശിക്കാവുന്നതാണ്.
11ന് വൈകുന്നേരം 4.30ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കുശേഷം നടക്കുന്ന തിരുനാള്‍ കൊടിയേറ്റിന് വികാരി റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ മുഖ്യകാര്‍മികത്വം വഹിക്കും. 15ന് തിരുനാള്‍ ദിനത്തില്‍ രാവിലെ മുതല്‍ തുടര്‍ച്ചയായി ദിവ്യബലി ഉണ്ടായിരിക്കും. രാവിലെ 11ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. ഇടവകയിലെ വൈദികര്‍ കാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷമായ പാട്ടുകുര്‍ബാന. പള്ളിപ്പുറം ഇടവകയില്‍ സേവനം ചെയ്തിട്ടുള്ള മുന്‍ അസി. വികാരിമാര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. രാത്രി ഒമ്പതിന് കൃതജ്ഞതാബലി.
എട്ടാമിടം തിരുനാളായ 22നു വൈകുന്നേരം അഞ്ചിന് ആഘോഷമായ പാട്ടുകുര്‍ബാന. ഫൊറോനയിലെ പള്ളികളില്‍ സേവനം ചെയ്യുന്ന വൈദികര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, കൊടിയിറക്ക്.
തിരുനാള്‍ ദിനങ്ങളില്‍ പള്ളിപ്പുറത്തമ്മയുടെ കിരീടം നേര്ച്ചയ്ക്കും മാര്‍ തോമ്മാശ്ലീഹയാല് സ്ഥാപിതമായ വിശുദ്ധ കുരിശ് വണങ്ങുന്നതിനും അടിമ നേര്ച്ചയ്ക്കും കുമ്പസാരിക്കുന്നതിനും പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്ന് വികാരി റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ അറിയിച്ചു. കൂടാതെ ഇന്ത്യക്കകത്തും പുറത്തുമുള്ള വിശ്വാസികള്‍ക്ക് തിരുനാള്‍ കര്‍മങ്ങള്‍ തത്സമയം വീക്ഷിക്കുന്നതിനായി വിവിധ സോഷ്യല്മീഡിയകള്വഴി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.