വെളിച്ചെണ്ണ വിലവർധന: സർക്കാർ നിസംഗതയിലെന്ന് കേരള ട്രേഡേഴ്സ് ഫോറം
1579813
Tuesday, July 29, 2025 11:45 PM IST
ചെങ്ങന്നൂർ: വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത് സാധാരണ ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടാത്തത് ജനങ്ങളോടുള്ള ഉത്തരവാദിത്വമില്ലായ്മയാണെന്നും കേരള ട്രേഡേഴ്സ് ഫോറം ചെങ്ങന്നൂർ യൂണിറ്റ്.
തൊട്ടാൽ പൊള്ളുന്ന അവസ്ഥയിൽ വെളിച്ചെണ്ണ വില തുടരുമ്പോഴും സർക്കാർ ഇതിന് ഒരു പരിഹാരം കാണാത്തത് മായം ചേർത്ത മറ്റ് എണ്ണകളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണോയെന്നും ഫോറം ചോദ്യം ചെയ്തു. ഈ വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂരിൽ ചേർന്ന കേരള ട്രേഡേഴ്സ് ഫോറം യൂണിറ്റ് യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സാം മല്ലാശേരി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി.സി. മാത്യൂ പടിശേരി അധ്യക്ഷനായി. നല്ലയിനം കൊപ്ര ഇറക്കുമതി ചെയ്ത് മലയാളികളുടെ ഈ സങ്കടകരമായ അവസ്ഥയ്ക്ക് മാറ്റം വരുത്തി നല്ല വെളിച്ചെണ്ണ ഉത്പാദിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ. ബാലചന്ദ്രൻ, അജിത് ജോൺ, പ്രസാദ് ചെറിയാൻ, ദീപക് മോഹൻ, മാത്യു സ്റ്റീഫൻ, വർഗീസ് ജോർജ്, ജേക്കബ് ജോൺ എന്നിവർ പ്രസംഗിച്ചു.